ശ്രീനഗർ: ജമ്മു കശ്മീരിലെ കുപ്വാര ജില്ലയിൽ നിയന്ത്രണരേഖയ്ക്ക് (LoC) സമീപം സംശയാസ്പദമായ നീക്കം കണ്ടെത്തിയതിനെത്തുടർന്ന് സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. കെരാൻ സെക്ടറിലെ ജുംഗുണ്ട് മേഖലയിൽ ശനിയാഴ്ച പുലർച്ചെ മൂന്നോടെയാണ് സംഭവം. പ്രദേശത്ത് സുരക്ഷാസേന തെരച്ചിൽ ശക്തമാക്കി. ഈ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സുരക്ഷാ സേന വധിച്ചതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
അതിർത്തി മേഖലയിൽ സംശയാസ്പദമായ നീക്കം ശ്രദ്ധയിൽപ്പെട്ടതോടെ ജാഗ്രതയിലായിരുന്ന സൈനികർ സംഘത്തെ തടയാൻ ശ്രമിക്കുകയായിരുന്നു. ഇതിനിടെ ഇരുവിഭാഗവും തമ്മിൽ വെടിവയ്പുണ്ടായതായി അധികൃതർ അറിയിച്ചു. തുടർന്ന് പ്രദേശത്ത് പരിശോധനയും തെരച്ചിലും ആരംഭിച്ചു. മൂന്നോ നാലോ പേർ അടങ്ങുന്ന സംഘമാണ് നിയന്ത്രണരേഖയ്ക്ക് സമീപം നീങ്ങിയതെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ. ഇവർ നുഴഞ്ഞുകയറാൻ ശ്രമിച്ചവരാണോ, ആരെങ്കിലും നിയന്ത്രണരേഖ കടന്നിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളിൽ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.
സംശയിക്കുന്നവരുടെ നിലവിലെ സ്ഥാനം, ഏറ്റുമുട്ടലിൽ ആളപായമുണ്ടായിട്ടുണ്ടോ തുടങ്ങിയ വിവരങ്ങളും സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തിന്റെ കൂടുതൽ വിശദാംശങ്ങൾ കണ്ടെത്തുന്നതിനായി സുരക്ഷാസേന തെരച്ചിൽ തുടരുകയാണ്. മലനിരകളും ഒറ്റപ്പെട്ട പ്രദേശങ്ങളും ഉൾപ്പെടുന്ന മേഖലയിലെ പരിമിതമായ ആശയവിനിമയ സൗകര്യങ്ങൾ വിവരശേഖരണത്തെ ബാധിച്ചേക്കാമെന്നാണ് വിലയിരുത്തൽ.
















