ന്യൂദല്‍ഹി: പാകിസ്ഥാന് ഇനി കേരളവും ആക്രമിക്കാനാവുമെന്നും 3000 കിലോമീറ്റര്‍ വരെ ദൂരേയ്ക്ക് തൊടുത്ത് വിടാന്‍ കഴിയുന്ന ലോംഗ് റേഞ്ച് ആക്രമണ ഡ്രോണുകള്‍ പാകിസ്ഥാന് നിര്‍മ്മിച്ചുവരികയാണെന്നും റിപ്പോര്‍ട്ടുകള്‍. പ്രതിരോധ വിദഗ്ധര്‍ തന്നെയാണ് ഇത്തരമൊരു ആശങ്ക ഉയര്‍ത്തുന്നത്.
3000 കിലോമീറ്റര്‍ ദൂരപരിധിയുള്ള ഡ്രോണ്‍ എന്നതിനര്‍ത്ഥം ഈ ഡ്രോണിന് കേരളത്തിലും നാശനഷ്ടങ്ങള്‍ വിതയ്ക്കാന്‍ കഴിയുമെന്നാണ്. ഇത് ആശങ്കയുളവാക്കുന്നുണ്ട്. പക്ഷെ ഇന്ത്യയുടെ വ്യോമപ്രതിരോധസംവിധാനങ്ങളെ തകര്‍ത്തെറിഞ്ഞ് ഈ ഡ്രോണുകള്‍ക്ക് ഇന്ത്യയുടെ നഗരങ്ങളിലും കേരളത്തിലും ആക്രമണം നടത്താന്‍ കഴിയുമോ എന്ന ചോദ്യം വിദഗ്ധര്‍ ഉയര്‍ത്തിക്കഴിഞ്ഞു.
വൺ-വേ അറ്റാക്ക് ഡ്രോണുകൾ (ലക്ഷ്യസ്ഥാനത്ത് ഇടിച്ചിറങ്ങി പൊട്ടിത്തെറിക്കുന്നവ), ലോയിറ്ററിംഗ് മ്യൂണിഷനുകൾ (ലക്ഷ്യസ്ഥാനത്തിന് മുകളിൽ വട്ടമിട്ട് പറന്ന് ആക്രമണം നടത്തുന്നവ), ഡ്രോൺ കൂട്ടങ്ങൾ (drone swarms) എന്നിങ്ങനെ എല്ലാ റേഞ്ചിലുമുള്ള ഡ്രോണുകള്‍ ആണ് പാകിസ്ഥാന് നിര്‍മ്മിക്കുന്നത്. ഇവയുടെ എയര്‍ ഫ്രെയിം, എഞ്ചിന്, എവിയോണിക്സ് എന്നിവ ടെസ്റ്റ് ചെയ്യാനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ വരെ പാകിസ്ഥാന് സൃഷ്ടിക്കുന്നു.
ഇനി പാകിസ്ഥാന് നിര്‍മ്മിക്കാന്‍ പോകുന്ന ഡ്രോണുകള്‍ എന്തൊക്കെയെന്ന് പരിശോധിക്കാം. ഡി248 എന്ന ഡ്രോണിന് 3000 കിലോമീറ്റര്‍ വരെ ദൂരപരിധിയുണ്ടാകും. ഇതുകൂടാതെ എസ് 369 എന്ന ഒരു ഡ്രോണ്‍ ഉണ്ട്. ഇതിന് 2000 കിലോമീറ്റര്‍ വരെ ദൂരത്തേക്ക് ചെന്ന് സ്ഫോടനം നടത്താന്‍ സാധിക്കും. ഇതില്‍ 50 കിലോഗ്രാം വരെ സ്ഫോടകവസ്തുക്കള്‍ ഘടിപ്പിക്കാനാവും. പക്ഷെ ഇതെല്ലാം പാകിസ്ഥാന്റെ അവകാശവാദങ്ങള്‍ മാത്രമാണ്. സ്വതന്ത്രമായി ആരും പരിശോധിച്ചുറപ്പിച്ചിട്ടില്ല.
വളരെ താഴ്ന്ന് പറക്കുമ്പോള്‍ ഇത്തരം ഡ്രോണുകളെ കണ്ടുപിടിക്കാന്‍ പ്രയാസമാണ്. പക്ഷെ കണ്ടുപിടിച്ചാല്‍ എളു്പത്തില് നശിപ്പിക്കാന്‍ സാധിക്കും. ഓപ്പറേഷന് സിന്ദൂറില്‍ ഇന്ത്യ പാകിസ്ഥാന് ഡ്രോണുകളെ പാടെ നശിപ്പിച്ചിരുന്നു. ഇന്ത്യയുടെ സൈനിക കേന്ദ്രങ്ങളെ ആക്രമിക്കാനായിരുന്നു ഇവ എത്തിയത്. ഡ്രോണുകളെ നേരിടാന്‍ ഇന്ത്യയ്ക്ക് പലവിധ പ്രതിരോധങ്ങളുണ്ട്. ഇന്ത്യയുടെ കയ്യില്‍ ശത്രുരാജ്യത്തിന്റെ ഡ്രോണുകളെ നേരിടാന്‍ ഒരു റഡാറോ ഒരു മിസൈലോ മാത്രമല്ല ഉള്ളതെന്നോര്‍ക്കുക. ആദ്യം ഡിറ്റക്ട് ചെയ്യുക, പിന്നെ ട്രാക്ക് ചെയ്യുക, ഇലക്ട്രോണിക് വാര്‍ഫെയര്‍ വഴി ജാം ചെയ്യുക, അത് സാധിച്ചില്ലെങ്കില്‍ മാത്രം കൗണ്ടര്‍ ഡ്രോണ്‍ യുഎവി, എയര്‍ ഡിഫന്‍സ് ഗണ്‍, ഷോര്‍ട്ട് റേഞ്ച് മിസൈല്‍ എന്നിവ ഉപയോഗിച്ച് നേരിടുക…ഇതാണ് ഇന്ത്യയുടെ രീതി. ഇതാണ് പാകിസ്ഥാന് തലവേദനയാകുന്നത്. അതായത് ഇന്ത്യയുടെ മള്‍ട്ടി ലെയര്‍ പ്രതിരോധസംവിധാനത്തെ എളുപ്പം വെട്ടിച്ചുകടക്കാന്‍ പാകിസ്ഥാന് ഡ്രോണുകള്‍ക്ക് എളുപ്പമായിരിക്കില്ല.
















