വൈക്കം : കൈക്കൂലി വാങ്ങാൻ വൈക്കം സിഐ ഷമീർ ഖാൻ ഉപയോഗിച്ചത് അസം സ്വദേശിയുടെ ബാങ്ക് അക്കൗണ്ട്. രണ്ടര ലക്ഷത്തോളം രൂപയാണ് അസം സ്വദേശിയുടെ ബാങ്ക് അക്കൗണ്ടുവഴി ഷമീർ ഖാൻ കൈക്കലാക്കിയത്. ഷമീർ ഖാന്റെ ഓഫീസിൽ നടത്തിയ അന്വേഷണത്തിലാണ് വിജിലൻസ് ക്രമക്കേട് കണ്ടെത്തിയത്. മാസപ്പടിയായി 2.25 ലക്ഷം രൂപയാണ് കോഴിഫാമിൽ ജോലി ചെയ്യുന്ന അസം സ്വദേശിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് എത്തിയത്.
അസം സ്വദേശിയായ യുവാവിന്റെ അക്കൗണ്ടിൽ പണം എത്തിയ ഉടൻ തന്നെ പിൻവലിച്ചിരുന്നു. മണ്ണുമാഫിയ ബന്ധമുള്ളവരും മറ്റ് അനധികൃത ഇടപാടുകാരുമാണ് പണം അയച്ചതെന്ന് സൂചന.
കോട്ടയം വിജിലൻസ് ആൻ്റി കറപ്ഷൻ ബ്യൂറോയുടെ നേതൃത്വത്തിൽ വെള്ളിയാഴ്ച രാവിലെ മുതൽ ആരംഭിച്ച പരിശോധനയിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ കണ്ടെത്തിയത്. കൈക്കൂലിപ്പണം വാങ്ങാൻ ഷമീർ ഖാൻ അസം സ്വദേശിയുടെ ആധാറും പാൻകാർഡും ഉപയോഗിച്ച് വൈക്കം കാനറാ ബാങ്കിൽ അക്കൗണ്ട് ആരംഭിച്ചു.
എന്നാൽ ഈ അക്കൗണ്ട് പ്രവർത്തിപ്പിക്കാൻ നൽകിയത് വൈക്കത്തെ മറ്റൊരു മലയാളിയുടെ ഫോൺ നമ്പറാണ്.കഴിഞ്ഞ മാസം അഞ്ചിനാണ് വൈക്കം കാനറ ബാങ്കിൽ ഷമീർ ഖാൻ അക്കൗണ്ട് ഓപ്പൺ ചെയ്തത് . ഏഴാം – തീയതി മുതൽ ഈ അക്കൗണ്ടിലേക്ക് പണം വന്നുതുടങ്ങി. രണ്ടരലക്ഷം രൂപയോളം അക്കൗണ്ടിലേക്ക് എത്തി.
. കൃത്യമായ തുക ഓരോ ദിവസവും എടിഎം കൗണ്ടറിൽ നിന്നും ഷമീർ ഖാൻ പിൻവലിച്ചിരുന്നു. വൈക്കം, കുറവിലങ്ങാട് ഭാഗങ്ങളിലെ വിവിധ എടിഎമ്മുകളിൽ നിന്നാണ് പണം പിന്വലിച്ചത്. ഹെൽമെറ്റും മാസ്ക്കും ധരിച്ചാണ് എടിഎമ്മിൽ കയറിയിരുന്നത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്.











