ശ്രീനഗർ: ജമ്മു കശ്മീരിൽ ഇന്ത്യൻ സേന വധിച്ച ലഷ്കർ-ഇ-തൊയ്ബ കമാൻഡർ ഹാഷിം മൂസ കൊല്ലപ്പെട്ടിട്ടില്ലെന്ന് വരുത്തിത്തീർക്കാൻ പാകിസ്താൻ നടത്തിയ ശ്രമങ്ങൾ പൊളിഞ്ഞു. മുമ്പ് പാകിസ്താൻ സൈന്യത്തിലെ സ്പെഷ്യൽ സർവീസ് ഗ്രൂപ്പ് (എസ്.എസ്.ജി) കമാൻഡോ ആയിരുന്ന ഹാഷിം മൂസ അഥവാ മുഹമ്മദ് ആസിഫിനെ ഇന്ത്യൻ സൈന്യം വധിച്ചതിന് തൊട്ടുപിന്നാലെയാണ്, ഇയാളോട് സാദൃശ്യമുള്ള മറ്റൊരു വ്യക്തിയെ മാധ്യമങ്ങൾക്ക് മുന്നിൽ എത്തിച്ച് പാകിസ്താൻ പ്രചാരണം നടത്തിയത്.
2025-ലെ പഹൽഗാം ഭീകരാക്രമണം ഉൾപ്പെടെ നിരവധി അക്രമങ്ങൾക്ക് നേതൃത്വം നൽകിയ ഭീകരസംഘത്തിലെ അവസാനത്തെ ആളായിരുന്നു വധിക്കപ്പെട്ട ഹാഷിം മൂസ. പാകിസ്താൻ മുൻ പ്രസിഡന്റ് പർവേസ് മുഷറഫിന്റെ സുരക്ഷാ സംഘത്തിലും ബലൂചിസ്താനിലെ സൈനിക നീക്കങ്ങളിലും പങ്കാളിയായിരുന്ന മൂസയുടെ മരണം ലഷ്കർ-ഇ-തൊയ്ബ ശൃംഖലയ്ക്കും പാകിസ്താന്റെ നിഴൽ യുദ്ധങ്ങൾക്കും ഏൽപ്പിച്ച കനത്ത പ്രഹരമാണ്. പാകിസ്താൻ മിലിട്ടറി വക്താവ് ലഫ്റ്റനന്റ് ജനറൽ അഹമ്മദ് ഷെരീഫ് ചൗധരി വാർത്താസമ്മേളനത്തിൽ അവതരിപ്പിച്ച വ്യക്തി, താൻ 2023-ൽ വിരമിച്ച എസ്.എസ്.ജി ഹവീൽദാർ മുഹമ്മദ് ആസിഫ് ആണെന്നും ജീവനോടെയുണ്ടെന്നും അവകാശപ്പെട്ടു.
എന്നാൽ, ഇയാൾ അവതരിപ്പിച്ച വിവരങ്ങളും മുഖലക്ഷണങ്ങളും സ്വതന്ത്ര ഒസിൻറ്റ് (OSINT) നിരീക്ഷകർ പരിശോധിച്ചതോടെ പാകിസ്താന്റെ വാദങ്ങളിലെ കള്ളത്തരം പുറത്തായി. കൊല്ലപ്പെട്ട ഭീകരൻ ഹാഷിം മൂസയുടെയും പാകിസ്താൻ ഹാജരാക്കിയ ആളുടെയും ചെവി, മൂക്ക്, കണ്ണുകൾ എന്നിവയുടെ ഘടനയിൽ വലിയ വ്യത്യാസങ്ങളുണ്ടെന്ന് ചിത്രങ്ങൾ താരതമ്യം ചെയ്തുകൊണ്ട് വിദഗ്ധർ ചൂണ്ടിക്കാട്ടി. വ്യാജ വ്യക്തിയെ നിർമ്മിച്ച് ഇന്ത്യയുടെ അവകാശവാദങ്ങളെ പ്രതിരോധിക്കാൻ നോക്കുന്ന പാകിസ്താന്റെ നടപടിയെ ഇന്ത്യൻ സൈനിക വിദഗ്ധരും മുൻ ഉദ്യോഗസ്ഥരും രൂക്ഷമായി വിമർശിച്ചു.
















