ഹിന്ദുമതത്തില് നിന്ന് ഇസ്ലാമിലേക്ക് മതംമാറിയ ഒരാള്ക്ക് ഹിന്ദുക്കളിലെ പിന്നാക്ക വിഭാഗങ്ങള്ക്ക് ലഭിക്കുന്ന സംവരണം അവകാശപ്പെടാനാവില്ലെന്ന് സുപ്രീംകോടതി വിധിച്ചിരിക്കുന്നു. ഹിന്ദു സംവരണ വിഭാഗങ്ങളില്നിന്ന് ഇസ്ലാമിലേക്ക് മതംമാറുന്നവര്ക്ക് പിന്നാക്ക വിഭാഗം (മുസ്ലിം) പദവിക്ക് അനുമതി നല്കിയ തമിഴ്നാട് സര്ക്കാരിന്റെ ഉത്തരവ് മദ്രാസ് ഹൈക്കോടതി റദ്ദാക്കിയിരുന്നു. അതിനെ സാധൂകരിച്ചുകൊണ്ടാണ് സുപ്രീം കോടതിയുടെ ഉത്തരവ്.
മതംമാറിയതുകൊണ്ടു മാത്രം സംസ്ഥാനത്ത് പിന്നാക്ക വിഭാഗങ്ങളായി വിജ്ഞാപനം ചെയ്തിട്ടുള്ള മുസ്ലിം സമുദായങ്ങളില് ഏതെങ്കിലും ഒന്നില് അംഗത്വമുണ്ടെന്ന് സ്ഥാപിക്കാനാവില്ലെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയത്. ഹിന്ദുമതത്തില്നിന്ന് ഇസ്ലാമിലേക്ക് മതംമാറിയ ഒരാള്, തമിഴ്നാട്ടിലെ പിന്നാക്ക മുസ്ലിങ്ങളില് ഉള്പ്പെട്ടിട്ടുള്ള മുസ്ലിം ലബ്ബായി സമുദായത്തില്പ്പെട്ടയാളായി തന്നെ കണക്കാക്കി സര്ട്ടിഫിക്കറ്റ് നല്കണമെന്ന അപേക്ഷിച്ചെങ്കിലും തഹസില്ദാര് അത് നിരസിച്ചിരുന്നു. ഇതിനെതിരെ കോടതിയെ സമീപിച്ചപ്പോഴാണ് സര്ക്കാരിന്റെ ഉത്തരവ് തന്നെ റദ്ദാക്കിയത്.
തമിഴ്നാട്ടിലെ പിന്നാക്ക വിഭാഗ സംവരണത്തില് ഏഴ് മുസ്ലിം സമുദായങ്ങളെ സംസ്ഥാനം അംഗീകരിക്കുന്നുണ്ട്. എന്നാല് ഇത് സംവരണത്തിനുള്ള അര്ഹതയായി മാറുന്നില്ല. മതംമാറിയതുകൊണ്ടു മാത്രം ഈ സമുദായങ്ങളിലൊന്നില് അംഗത്വമുണ്ടെന്ന് സ്ഥാപിക്കാനാവില്ലെന്ന സുപ്രധാന വിധികളാണ് ഹൈക്കോടതിയും സുപ്രീംകോടതിയും പുറപ്പെടുവിച്ചിട്ടുള്ളത്.
ക്രിസ്തുമതത്തിലേക്ക് മതംമാറിയതിനെത്തുടര്ന്നുള്ള പട്ടികജാതി പദവിയുമായി ബന്ധപ്പെട്ട് ഈ വര്ഷം മാര്ച്ചില് സുപ്രീം കോടതി പുറപ്പെടുവിച്ച മറ്റൊരു വിധിക്കു പിന്നാലെയാണ് പുതിയ വിധി വരുന്നത്.
ക്രിസ്തുമതത്തിലേക്ക് മതംമാറുന്ന ഒരാള്ക്ക് പട്ടികജാതി പദവി തുടര്ന്നും അവകാശപ്പെടാനാവില്ലെന്നും, പട്ടികജാതി-പട്ടികവര്ഗ (അതിക്രമങ്ങള് തടയല്) നിയമപ്രകാരമുള്ള സംരക്ഷണങ്ങള് ലഭിക്കില്ലെന്നുമാണ് സുപ്രീം കോടതി വ്യക്തമാക്കിയത്.
പട്ടികജാതികളുമായി ബന്ധപ്പെട്ട 1950ലെ ഭരണഘടനാ ഉത്തരവിനെക്കുറിച്ചായിരുന്നു ആ വിധി. ഹിന്ദുമതം, സിഖ് മതം, ബുദ്ധമതം എന്നിവയില് ഏതെങ്കിലുമൊന്ന് പിന്തുടരുന്നവര്ക്കു മാത്രമായി പട്ടികജാതി അംഗീകാരം പരിമിതപ്പെടുത്തുന്നതായിരുന്നു ഈ ഉത്തരവ്. ഹിന്ദു മതത്തിലെ പിന്നാക്ക വിഭാഗങ്ങള്ക്കും പട്ടികജാതി വിഭാഗങ്ങള്ക്കും അനുവദിച്ചിട്ടുള്ള സംവരണം ഈ വിഭാഗങ്ങളെ മതംമാറ്റി തട്ടിയെടുക്കാനുള്ള സംഘടിത മത ന്യൂനപക്ഷങ്ങളുടെ പദ്ധതിക്കാണ് സുപ്രീംകോടതിയുടെ രണ്ട് വിധികളും തിരിച്ചടിയായിരിക്കുന്നത്.
ഹിന്ദുമതമോ സിഖ് മതമോ ബുദ്ധമതമോ അല്ലാത്ത മറ്റൊരു മതം പിന്തുടരുന്ന ഒരാളെയും പട്ടികജാതിയില്പ്പെട്ട അംഗമായി കണക്കാക്കാന് പാടില്ലെന്നാണ് പരമോന്നത നീതിപീഠത്തിന്റെ ഉത്തരവില് നിന്ന് വ്യക്തമാവുന്നത്. ക്രിസ്തുമതത്തിലേക്ക് മതംമാറുന്നതോടെ പട്ടികജാതി പദവി നിയമപരമായി അവസാനിക്കും.
ഭരണഘടനയനുസരിച്ചും ഇതാണ് അവസ്ഥ. രാഷ്ട്രപതി വിജ്ഞാപനം ചെയ്തിട്ടുള്ള വിഭാഗങ്ങളെയാണ് പട്ടികജാതികളായി നിര്വചിക്കുന്നത്. പട്ടികജാതി-പട്ടികവര്ഗ (അതിക്രമങ്ങള് തടയല്) നിയമവും ഇതേ നിര്വചനമാണ് പിന്പറ്റുന്നത്. ഹിന്ദുമതത്തില് നിന്ന് മതം മാറുന്നവര് ഈ നിര്വചനത്തിന് പുറത്താവും.
ഒരാളുടെ പട്ടികജാതി സ്വത്വം നിയമപരമായി അയാള് പിന്തുടരുന്ന മതത്തില്നിന്ന് നിയമപരമായി വേര്പെടുത്താനാവില്ല. ആ സമുദായത്തിലെ സാമൂഹിക അംഗത്വം അവസാനിച്ചുകഴിഞ്ഞാല്, അതുമായി ബന്ധപ്പെട്ട നിയമപരമായ സംരക്ഷണങ്ങളും അവസാനിക്കും. ഇങ്ങനെയാണ് സംവരണത്തിനുള്ള അര്ഹതയും നഷ്ടമാവുന്നത്.
ഭരണഘടനാപരമായ അര്ത്ഥത്തില് ഒരു മതം ‘പിന്തുടരുക’ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ഒരാള് എന്തില് വിശ്വസിക്കുന്നു എന്നതു മാത്രമല്ലെന്നും, അയാള് എങ്ങനെ ജീവിക്കുന്നു, ലോകത്തിനു മുന്നില് എങ്ങനെ സ്വയം അവതരിപ്പിക്കുന്നു എന്നതും ഉള്പ്പെടുന്നുവെന്നും കോടതി പറഞ്ഞു.
ഈ വസ്തുതകള് സൗകര്യപൂര്വ്വം വിസ്മരിച്ചുകൊണ്ടാണ് പട്ടികജാതി വിഭാഗങ്ങളെ മതം മാറ്റുന്നതിന് സഹായിക്കുന്ന നിലപാടുകള് ചില ദളിത് സംഘടനകള് സ്വീകരിക്കുന്നത്.
ഇസ്ലാമിലേക്ക് മതം മാറിയ വ്യക്തിക്ക് പിന്നാക്ക വിഭാഗ സംവരണം നല്കാനാവില്ലെന്ന ഇപ്പോഴത്തെ സുപ്രീംകോടതിവിധി കേരളത്തെ സംബന്ധിച്ചും പ്രസക്തമാണ്. ഹിന്ദു പിന്നാക്ക വിഭാഗങ്ങള്ക്കുള്ള സംവരണം കേരളത്തിലെ മുസ്ലിങ്ങള്ക്കും അനുവദിക്കുന്നത് പല കോണുകളില് നിന്നും വിമര്ശിക്കപ്പെട്ടിട്ടുണ്ട്. ഒരേസമയം ന്യൂനപക്ഷ സംവരണവും പിന്നാക്ക സംവരണവും അനുഭവിക്കുന്നത് സാമൂഹ്യനീതിയെ അട്ടിമറിക്കുന്നതിന് തുല്യമാണ്. സമീപകാലത്തെ സുപ്രീംകോടതി വിധികള് മുന്നിര്ത്തി ഈ തെറ്റ് തിരുത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
















