ന്യൂദല്ഹി: ദേശീയ സാമൂഹ്യസഹായ പദ്ധതി (എന്എസ്എപി) അഞ്ചുവര്ഷത്തേക്കുകൂടി തുടരാന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിലെ കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചു. 2026-27 മുതല് 2030-31 വരെ പദ്ധതിക്ക് 53,428 കോടി ചെലവഴിക്കും. ഭിന്നശേഷി പെന്ഷന് തുക വര്ധിപ്പിച്ചു. പെന്ഷന് അര്ഹതാ മാനദണ്ഡങ്ങള്, ഗുണഭോക്താക്കളുടെ പരിധി, എന്നിവയും പരിഷ്കരിക്കും. വിവിധ പദ്ധതിയുടെയും ഉപപദ്ധതികളുടെയും പേരുകള് മാറ്റാനും തീരുമാനിച്ചു.
ഭിന്നശേഷിക്കാര്ക്കുള്ള പെന്ഷന് തുക വര്ധിപ്പിച്ചു. 79 വയസുവരെയുള്ളവര്ക്ക് 375 രൂപയും 80നും അതിനു മുകളിലുള്ളവര്ക്കും 625 രൂപയും നല്കും. പെന്ഷന് മാനദണ്ഡങ്ങളും മാറ്റി. 80 ശതമാനം ഭിന്നശേഷിയെന്ന മാനദണ്ഡം ഇനി 40 ശതമാനമാക്കി. ഭിന്നശേഷി പെന്ഷനുള്ള കുറഞ്ഞ പ്രായപരിധി ജനനം മുതല് എന്നാക്കി. 3.20 കോടി ഗുണഭോക്താക്കള്ക്ക് ഇതിന്റെ പ്രയോജനമുണ്ടാകും. വയോജന പെന്ഷന്, വിധവാ പെന്ഷന്, കുടുംബ ആനുകൂല്യ പദ്ധതി എന്നിവ നിലവിലെ രീതിയില് തുടരാനും മന്ത്രിസഭാ യോഗം അംഗീകാരം നല്കി.
ദേശീയ സാമൂഹ്യ സഹായ പദ്ധതി(എന്എസ്എപി)യുടെ പേര് ഇനി പ്രധാനമന്ത്രി സാമാജിക് സഹായതാ യോജന എന്നാകും. ഇന്ദിരാഗാന്ധി ദേശീയ വാര്ധക്യകാല പെന്ഷന് പദ്ധതി (ഐജിഎന്ഒഎപിഎസ്) പ്രധാനമന്ത്രി വാര്ധക്യകാല പെന്ഷന് യോജന എന്നും ഇന്ദിരാഗാന്ധി ദേശീയ വിധവാ പെന്ഷന് പദ്ധതി (ഐജിഎന്ഡബ്ല്യൂപിഎസ്) പ്രധാനമന്ത്രി വിധവാ പെന്ഷന് യോജന എന്നും പുനര്നാമകരണം ചെയ്തു. ഇന്ദിരാഗാന്ധി ദേശീയ ഭിന്നശേഷി പെന്ഷന് പദ്ധതി (ഐജിഎന്ഡിപിഎസ്) പ്രധാനമന്ത്രി ദിവ്യാംഗന് പെന്ഷന് യോജനയായും ദേശീയ കുടുംബ ആനുകൂല്യ പദ്ധതിയെ പ്രധാനമന്ത്രി കുടുംബ ആനുകൂല്യ യോജനയായും പേരുമാറ്റാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.
















