ന്യൂദൽഹി: റെയിൽവേ ജീവനക്കാർക്ക് നവരാത്രി സമ്മാനമായി 78 ദിവസത്തെ പ്രൊഡക്ടിവിറ്റി ലിങ്ക്ഡ് ബോണസ് (പി.എൽ.ബി.) നൽകാനുള്ള നിർദേശത്തിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. 11,40,770 ജീവനക്കാർക്കായി ആകെ 2,009.61 കോടി രൂപയാണ് ബോണസായി അനുവദിക്കുക.
യോഗ്യരായ ഓരോ ജീവനക്കാരനും പരമാവധി 17,951 രൂപ വരെ ബോണസ് ലഭിക്കും. ട്രാക്ക് മെയിന്റെയ്നർമാർ, ലോക്കോ പൈലറ്റുമാർ, ട്രെയിൻ മാനേജർമാർ (ഗാർഡുമാർ), സ്റ്റേഷൻ മാസ്റ്റർമാർ, സൂപ്പർവൈസർമാർ, ടെക്നീഷ്യൻമാർ, ടെക്നീഷ്യൻ ഹെൽപ്പർമാർ, പോയിന്റ്സ്മാൻമാർ, മിനിസ്റ്റീരിയൽ ജീവനക്കാർ തുടങ്ങി വിവിധ വിഭാഗങ്ങളിലുള്ള ഗ്രൂപ്പ് സി ജീവനക്കാർക്കാണ് ആനുകൂല്യം ലഭിക്കുക.
2025–26 സാമ്പത്തിക വർഷത്തിൽ ഇന്ത്യൻ റെയിൽവേ മികച്ച പ്രകടനം കാഴ്ചവച്ചതായി കേന്ദ്ര മന്ത്രിസഭ വിലയിരുത്തി. ഈ കാലയളവിൽ റെക്കോർഡ് ചരക്കുനീക്കമായ 1,670 ദശലക്ഷം ടൺ കൈകാര്യം ചെയ്ത റെയിൽവേ ഏകദേശം 7.41 ബില്യൺ യാത്രക്കാരെ ലക്ഷ്യസ്ഥാനങ്ങളിൽ എത്തിച്ചതായും മന്ത്രിസഭ യോഗം വിലയിരുത്തി.
















