മുംബൈ: ഇറാൻ യുദ്ധത്തിനു പിന്നാലെ ഇന്ത്യ, യുഎസ് അടക്കമുള്ള രാജ്യങ്ങളിൽ വിലക്കയറ്റത്തോത് നിയന്ത്രണമില്ലാതെ കുതിക്കുകയാണ്. ഓഹരി വിപണിയിലും ഇടിവാണ് ഉള്ളത്. എന്നാൽ, ഇന്ത്യയിലെ ഓഹരി വിപണിയില് വൻകുതിപ്പ്. ബിഎസ്ഇ സെന്സെക്സ് ആയിരത്തിലധികം പോയിന്റ് ആണ് മുന്നേറിയത്. നിഫ്റ്റി 23,000ലേക്ക് അടുക്കുകയാണ്. ഐടി ഓഹരികള് നിക്ഷേപകര് വാങ്ങിക്കൂട്ടുന്നത് അടക്കമുള്ള ഘടകങ്ങളാണ് വിപണിയില് പ്രതിഫലിക്കുന്നത്. അമേരിക്കയില് പണപ്പെരുപ്പ നിരക്ക് കൂടിയതിന്റെ ഫലമായി യുഎസിലെ ഐടി ഓഹരികളില് വലിയ വില്പ്പനയാണ് നടന്നത്. പ്രധാനമായി എഐ സ്റ്റോക്കുകളാണ് നിക്ഷേപകര് കൂടുതലായി വിറ്റൊഴിഞ്ഞത്.
ഇത് ഇന്ത്യയിലെ ഐടി കമ്പനികള്ക്ക് കരുത്തുപകരുമെന്നാണ് വിദഗ്ധര് പറയുന്നത്. നേരത്തെ ഇന്ത്യയിലെ ഐടി കമ്പനികളിലെ നിക്ഷേപം പിന്വലിച്ച് വിദേശ നിക്ഷേപകര് അമേരിക്കയിലെ എഐ സ്റ്റോക്കുകള് വാങ്ങിക്കൂട്ടുന്ന പ്രവണത ഉണ്ടായിരുന്നു. എന്നാല് എഐ സ്റ്റോക്കുകള് കൂട്ടത്തോടെ ഇടിഞ്ഞതോടെ വിദേശ നിക്ഷേപകര് ഇന്ത്യന് ഐടി ഓഹരികളിലേക്ക് തിരിച്ചുവരുമെന്ന പ്രതീക്ഷയാണ് വിപണിയില് പ്രതിഫലിക്കുന്നത്. കൂടാതെ ഐടി കമ്പനികളുടെ ത്രൈമാസ കണക്കുകളും പ്രതീക്ഷ നല്കുന്നതാണ്. കഴിഞ്ഞ ദിവസം പുറത്തുവന്ന എച്ച്സിഎല് ടെകിന്റെ രണ്ടാം പാദ ഫല കണക്കുകള് അനുകൂലമായിരുന്നു.
ഇതിന് പുറമേ ദീര്ഘകാല മൂലധന നേട്ടത്തിന്റെ നികുതി കേന്ദ്രസര്ക്കാര് പുനഃപരിശോധനയ്ക്ക് വിധേയമാക്കിയേക്കുമെന്ന സൂചനകളും ഓഹരി വിപണിയില് പ്രതിഫലിക്കുന്നുണ്ട്. കൂടാതെ കുറഞ്ഞ വിലയ്ക്ക് ഓഹരികള് വാങ്ങിക്കൂട്ടാനുള്ള അവസരം നിലനില്ക്കുന്നുണ്ട് എന്ന ചിന്തയും വിപണിയില് പ്രതിഫലിക്കുന്നുണ്ട്. ടെക് മഹീന്ദ്ര, ഇന്ഫോസിസ്, ഭാരതി എയര്ടെല്, എച്ച്സിഎല് ടെക്, ടിസിഎസ് എന്നി ഓഹരികളാണ് പ്രധാനമായി നേട്ടം ഉണ്ടാക്കുന്നത്. അതേസമയം അദാനി എന്റര്പ്രൈസസ്, നെസ് ലെ, അദാനി പോര്ട്സ്, ഭാരത് ഇലക്ട്രോണിക്സ്, ഒഎന്ജിസി ഓഹരികള് നഷ്ടം നേരിട്ടു.
















