ന്യൂദൽഹി: നീറ്റ്-യുജി 2026 ചോദ്യപേപ്പർ ചോർച്ച കേസിൽ മറ്റൊരു പ്രതിക്കെതിരെ സിബിഐ കുറ്റപത്രം സമർപ്പിച്ചു. ഇതോടെ ആകെ പ്രതികളുടെ എണ്ണം 14 ആയി. സെപ്റ്റംബർ 2 ന് അറസ്റ്റിലായ മഹാരാഷ്ട്രയിലെ നന്ദേഡ് നിവാസിയായ ശേഷറാവു ബജ്റംഗ് സൂര്യവംശി എന്ന രാജ് സൂര്യവംശിക്കെതിരെ സിബിഐ ബുധനാഴ്ച ദൽഹി കോടതിയിൽ ആദ്യ അനുബന്ധ കുറ്റപത്രം സമർപ്പിച്ചത്. കേസിലെ മറ്റൊരു പ്രതിയായ ശുഭം ഖൈർനാറിന്റെ അടുത്ത സഹായിയാണ് ഇയാൾ എന്ന് അന്വേഷണ ഏജൻസി ആരോപിക്കുന്നു.
സിബിഐയുടെ റിപ്പോർട്ട് പ്രകാരം ഖൈർനാറുമായി ചേർന്ന് സൂര്യവംശി വിദ്യാർത്ഥികൾക്ക് ചോർന്ന ചോദ്യപേപ്പറുകൾ നൽകുകയും അവരുടെ കുടുംബങ്ങളിൽ നിന്ന് പണം കൈപ്പറ്റിയതായും ആരോപിക്കപ്പെടുന്നു. നാന്ദേഡിലെ ഒരു സ്ഥലത്തേക്ക് വിദ്യാർത്ഥികളെ വിളിച്ചുവരുത്തി ചോദ്യപേപ്പർ നൽകിയതായും പണം ഉറപ്പാക്കാൻ അവരുടെ ഒറിജിനൽ അക്കാദമിക് സർട്ടിഫിക്കറ്റുകളും തിരിച്ചറിയൽ കാർഡുകളും സൂക്ഷിച്ചിരുന്നതായും ആരോപണമുണ്ട്.
ജൂലൈ 28 നാണ് സിബിഐ ആദ്യ കുറ്റപത്രം സമർപ്പിച്ചത്
എൻടിഎയിലെ മൂന്ന് വിഷയ വിദഗ്ദ്ധർ ഉൾപ്പെടെ 13 വ്യക്തികളെയാണ് കുറ്റപത്രം പ്രതി ചേർത്തത്. 360 സാക്ഷികളെയും 422 രേഖകളെയും 43 പ്രധാന വസ്തുക്കളെയും ആശ്രയിച്ചാണ് അന്വേഷണം നടത്തിയത്. ഡിജിറ്റൽ വിശകലനവും കൈയക്ഷര വിദഗ്ധരുടെ അഭിപ്രായങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ മെയ് മാസത്തിൽ സംഘടിത പേപ്പർ ചോർച്ച റാക്കറ്റും വലിയൊരു ഗൂഢാലോചനയും സംശയിക്കുന്നതായി സിബിഐ കോടതിയെ അറിയിച്ചു. ആ സമയത്ത്, സംഘത്തിലെ മറ്റ് അംഗങ്ങളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നും അറസ്റ്റ് ചെയ്തിട്ടില്ലെന്നും ഏജൻസി പറഞ്ഞു. മെയ് 3 നാണ് നീറ്റ്-യുജി പരീക്ഷ നടന്നത്. ക്രമക്കേടുകൾ സംബന്ധിച്ച പരാതികളെ തുടർന്ന് മെയ് 12 ന് സിബിഐ അന്വേഷണം ഏറ്റെടുത്തു. പരീക്ഷ റദ്ദാക്കിയ ശേഷം ജൂൺ 21 ലേക്ക് മാറ്റിയിരുന്നു.
















