ദുബായ്: പൈലറ്റിനെ കൊന്ന് ഫ്ളൈ ദുബായ് വിമാനം റാഞ്ചി ഇസ്രയേല്‍ തലസ്ഥാനമായ ടെല്‍ അവീവില്‍ തകര്‍ക്കുകയായിരുന്നു ലക്ഷ്യമെന്ന് അന്വേഷണ ഉദ്യോഗസ്ഥരോട് ഒമാനി കോ പൈലറ്റ് ഹമാം അല്‍ ഹമ്മാമി സമ്മതിച്ചു. വിമാനം ടെല്‍ അവീവിലെ ബെന്‍ ഗുറിയോണ്‍ വിമാനത്താവളത്തിലേക്ക് പറത്തി ലാന്‍ഡിങ് അനുമതികള്‍ നേടിയശേഷം അവസാന നിമിഷം വിമാനം കെട്ടിടത്തിലേക്കോ വിമാനത്തിലേക്കോ ഇടിച്ചിറക്കാനായിരുന്നു പദ്ധതി. മച്ഛാറിനെ കീഴ്‌പ്പെടുത്താന്‍ കഴിയാതെ വന്നതോടെ വിമാനത്തിന്റെ രണ്ട് എന്‍ജിനുകള്‍ ഓഫാക്കാനും ഇയാള്‍ ശ്രമിച്ചിരുന്നു. 9/11 മാതൃകയിലുള്ള ആക്രമണത്തിന് സമാനമായ പദ്ധതിയാണ് ഇയാള്‍ ആസൂത്രണം ചെയ്തത്. ഹമ്മാമി മാസങ്ങള്‍ക്കു മുന്‍പേ തയ്യാറാക്കിയ പദ്ധതിയാണ് ക്യാപ്ടന്‍ സ്മിത്ത് മച്ഛാര്‍ പൊളിച്ചത്.
സപ്തംബര്‍ 30ന് ദുബായിയില്‍ നിന്ന് ടെല്‍ അവീവിലേക്ക് പുറപ്പെട്ട ഫ്ളൈദുബായ് വിമാനത്തില്‍ 174 യാത്രക്കാരുണ്ടായിരുന്നു. കോക്പിറ്റില്‍ നിസ്‌കാരത്തിന് ഒരുങ്ങിയ ഹമ്മാമി പെട്ടെന്ന് ക്യാപ്റ്റന്‍ സ്മിത് മച്ഛാറിനെ പിന്നില്‍നിന്ന് ക്രാഷ് ആക്‌സുകൊണ്ട് ആക്രമിക്കുകയായിരുന്നു. പരിക്കേറ്റിട്ടും ക്യാപ്റ്റന് കോക്പിറ്റ് വാതില്‍ തുറക്കാന്‍ കഴിഞ്ഞതാണ് നിര്‍ണായകമായത്.
ക്യാപ്റ്റനെ ഒഴിവാക്കി വിമാനത്തിന്റെ പൂര്‍ണ നിയന്ത്രണം ഏറ്റെടുക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍ യാത്രക്കാരും വിമാനത്തിലുണ്ടായിരുന്ന ഓഫ് ഡ്യൂട്ടി പൈലറ്റുമാരും അകത്തേക്ക് ഇരച്ചെത്തി ഹമ്മാമിയെ കീഴടക്കി. ഇതിനിടെ വിമാനം അതിവേഗം താഴേക്ക് പതിച്ചു. ഏകദേശം 30 സെക്കന്‍ഡിനുള്ളില്‍ 16,000 അടി താഴേക്ക് വിമാനം പതിക്കുകയും മണിക്കൂറില്‍ 970 കിലോമീറ്ററിലേറെ വേഗത കൈവരിക്കുകയും ചെയ്തു.
വിമാനത്തിന്റെ എന്‍ജിനുകളിലേക്കുള്ള ഇന്ധനവിതരണം തടയാനും ശ്രമിച്ചു. എന്‍ജിന്‍ ഫ്യൂവല്‍ സ്വിച്ചുകള്‍ ‘റണ്‍’ നിലയില്‍ നിന്ന് ‘കട്ട്ഓഫ്’ നിലയിലേക്ക് മാറ്റിയിരുന്നോയെന്നാണ് സംശയം. എമര്‍ജന്‍സി ലൈറ്റുകള്‍ അപ്രതീക്ഷിതമായി തെളിഞ്ഞതും അന്വേഷണത്തില്‍ നിര്‍ണായകമായി.
വിമാനം ടെല്‍ അവീവില്‍ എത്തും മുമ്പുതന്നെ ആക്രമണത്തിന് തയാറെടുപ്പുകള്‍ ഹമ്മാമി നടത്തി. ടെല്‍ അവീവിലേക്ക് സര്‍വീസ് നടത്തുന്ന വിമാനക്കമ്പനിയെക്കുറിച്ച് അന്വേഷിച്ച ശേഷമാണ് ~ൈ ദുബായില്‍ ജോലിക്ക് അപേക്ഷിച്ചതെന്നും, വിമാനക്കമ്പനിയില്‍ പ്രവേശിക്കുന്നതിന് മുമ്പുതന്നെ ആക്രമണ പദ്ധതി ആസൂത്രണം ചെയ്തിരുന്നുവെന്നും ഹമ്മാമി പറഞ്ഞതായി ഇസ്രയേലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ടെല്‍ അവീവ് വിമാനത്താവളത്തിലെത്തിയപ്പോഴെല്ലാം ആക്രമണത്തിന് ആവശ്യമായ വിവരങ്ങള്‍ ശേഖരിച്ചിരുന്നു.
ജൂലൈയില്‍ ആക്രമണത്തിന് പദ്ധതി ഹമ്മാമി തയ്യാറാക്കിയിരുന്നു. എന്നാല്‍ പൈലറ്റുമായി സൗഹൃദമുണ്ടായിരുന്നതിനാല്‍ അവസാന നിമിഷം പദ്ധതി ഉപേക്ഷിച്ചു.
ഒമാനി പിതാവിനും സിറിയന്‍ മാതാവിനും ജനിച്ച ഹമ്മാമി ബാല്യകാലം സിറിയയില്‍ ചെലവഴിച്ചിരുന്നു. അവിടെ കഴിഞ്ഞ കാലത്ത് ഭീകരവാദ ആശയങ്ങളിലേക്ക് ഇയാള്‍ ആകര്‍ഷിക്കപ്പെട്ടിരുന്നോയെന്നും പരിശോധിക്കുന്നു. ഒറ്റയാള്‍ ആക്രമണമായിരിക്കാമെന്നാണ് ഇസ്രയേലി അന്വേഷണ ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍. ഹമ്മാമിക്ക് കടുത്ത ശിക്ഷ നല്‍കാനുള്ള സാധ്യത യുഎഇ പരിഗണിക്കുന്നുണ്ട്.
















