ടെൽ അവീവ്: ദുബായ് – ടെൽ അവീവ് ഫ്ലൈ ദുബായ് വിമാനത്തിലെ കോക്ക്‌പിറ്റിൽ വെച്ച് പൈലറ്റ് സ്മിത് മച്ചാറിനെ സഹപൈലറ്റ് ആക്രമിക്കുകയും പിന്നാലെ വിമാനം ആയിരക്കണക്കിന് അടി താഴേക്ക് പതിക്കുകയും ചെയ്തതിനെത്തുടർന്ന്, വിമാനം വെടിവച്ചിടാൻ ഇസ്രയേൽ അധികൃതർ ആലോചിച്ചിരുന്നതായി റിപ്പോർട്ട്. ഒമാൻ പൗരനായ സഹപൈലറ്റ് ഹമാം അൽ ഹമ്മാമിയാണ് കോക്പിറ്റിൽവച്ച് സ്മിതിനെ എമർജൻസി ക്രാഷ് ആക്സ് കൊണ്ടാണ് കുത്തിപ്പരിക്കേൽപ്പിച്ചത്. ശേഷം വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാനായിരുന്നു പദ്ധതി.
50ഓളം ഇസ്രയേൽ പൗരന്മാരാണ് ഫ്ലൈ ദുബായ് വിമാനത്തിൽ ഉണ്ടായിരുന്നത്. വിമാനം ഏകദേശം 14,000 അടി താഴേക്ക് പതിച്ചതിനെത്തുടർന്ന്, ഇസ്രായേൽ വ്യോമസേന കോക്ക്‌പിറ്റുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും മറുപടിയൊന്നും ലഭിച്ചില്ല. സാഹചര്യം വിലയിരുത്തുന്നതിനായി മുൻകൂട്ടി നിശ്ചയിച്ചിരുന്ന ഒരു സമിതിയെ ഉടൻ തന്നെ പ്രവർത്തനസജ്ജമാക്കുകയും ഒരു കമാൻഡ് സെന്റർ സ്ഥാപിക്കുകയും ചെയ്തു. ബെൽ ഗുറിയോൺ അന്താരാഷ്‌ട്ര വിമാനത്താവളത്തിന് ഒരു നിശ്ചിത അകലത്തിനുള്ളിൽ ഫ്ലൈ ദുബായ് വിമാനം എത്തിയിരുന്നെങ്കിൽ സാഹചര്യം പരിശോധിക്കാൻ ഇസ്രയേൽ യുദ്ധവിമാനങ്ങളെ ജോർദാനിയൻ വ്യോമാതിർത്തിയിലേക്ക് അയക്കുമായിരുന്നു.
തുടർന്ന് വിമാനം വെടിവച്ച് വീഴ്‌ത്താനായി ഇസ്രയേൽ തയ്യാറെടുത്തെന്ന് അടുത്ത വൃത്തങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കോക്പിറ്റ് പരിശോധിച്ചശേഷം സാഹചര്യം അറിയിക്കും. അപകടകാരിയാകുമെന്ന് കണ്ടാൽ വിമാനത്തെ വെടിവച്ചിടാൻ ഇസ്രയേലിന് കഴിയും. അതിനുള്ള നിയമസാദ്ധ്യതങ്ങൾ രാജ്യത്തിലുണ്ട്. എന്നാൽ ആ തീരുമാനം എടുക്കേണ്ടത് പ്രധാനമന്ത്രി മാത്രമാണ്. ഇസ്രയേലിന്റെ പ്രധാനപ്പെട്ട കെട്ടിടങ്ങളിലേക്ക് വിമാനം ഇടിച്ചിറങ്ങി വലിയ അപകടം ഉണ്ടാകുന്നതിനെക്കാൾ നല്ലത് യാത്രാവിമാനം വെടിവച്ചിടുന്നതാണെന്ന് ഇസ്രയേൽ വൃത്തങ്ങൾ അഭിപ്രായപ്പെടുന്നു.
എന്നാൽ അതിനിടെ തന്നെ വിമാനത്തിന്റെ നിയന്ത്രണം തിരിച്ചുപിടിച്ച് സ്മിത് സൗദി അറേബ്യയിലെ വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി.
















