Kerala

മാസപ്പടി-ഹവാല കേസുകളിലെ പ്രാഥമിക അന്വേഷണം രക്ഷാപ്രവര്‍ത്തനം: കൃഷ്ണദാസ്

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കോഴിക്കോട്: മാസപ്പടി, ഹവാല കേസുകളില്‍ മുന്‍മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയനും മകള്‍ വീണയ്‌ക്കും മരുമകന്‍ മുന്‍മന്ത്രി പി.എ. മുഹമ്മദ് റിയാസ് എംഎല്‍എക്കുമെതിരെ യുഡിഎഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ച പ്രാഥമിക അന്വേഷണം കേവലം രക്ഷാപ്രവര്‍ത്തനം മാത്രമെന്ന് ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പി.കെ. കൃഷ്ണദാസ്. മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും ഇത്തരമൊരു അന്വേഷണ പ്രഹസനം പ്രഖ്യാപിക്കുന്നതിനേക്കാള്‍ നല്ലത് പിണറായി വിജയനെയും മകളെയും മരുമകനേയും വിശുദ്ധന്മാരായി പ്രഖ്യാപിക്കലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

എല്‍ഡിഎഫ് സര്‍ക്കാരില്‍ നിന്നുപോലും കിട്ടാത്ത ആനുകൂല്യങ്ങളാണ് യുഡിഎഫ് സര്‍ക്കാരില്‍ നിന്ന് പിണറായിക്ക് ഇപ്പോള്‍ ലഭിക്കുന്നത്. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ ആവശ്യമായ മുഴുവന്‍ തെളിവുകളും ഇ ഡി സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട്. അതനുസരിച്ച് മൂന്നു പേരെയും അറസ്റ്റ് ചെയ്ത് നിയമത്തിന് മുന്നില്‍ ഹാജരാക്കുന്നതിന് പകരം ദിവസങ്ങളോളം ഇ ഡി റിപ്പോര്‍ട്ട് കയ്യില്‍ വെച്ച് ഏറ്റവും ഒടുവില്‍ ജനങ്ങളുടെയും സ്വന്തം പാര്‍ട്ടി അനുഭാവികളുടെയും കണ്ണില്‍ പൊടിയിടാനാണ് പ്രാഥമിക അന്വേഷണം പ്രഖ്യാപിച്ചത്.

ദല്‍ഹിയില്‍ രാഹുല്‍ ഗാന്ധി, വി.ഡി. സതീശന്‍, എം.എ. ബേബി എന്നിവര്‍ തമ്മില്‍ നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് പിണറായി വിജയനും കുടുംബത്തിനും എതിരെയുള്ള അന്വേഷണം അട്ടിമറിക്കാന്‍ തീരുമാനിച്ചത്. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസ് അന്വേഷണവുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് പോകണമെന്ന അഡ്വക്കേറ്റ് ജനറലിന്റെയും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെയും നിയമോപദേശം പൂര്‍ണമായും തിരസ്‌കരിച്ചാണ് പുതിയ തീരുമാനം. ഇതില്‍ എന്ത് ന്യായീകരണമാണ് മുഖ്യമന്ത്രിക്ക് നല്‍കാനുള്ളതെന്നും പി.കെ. കൃഷ്ണദാസ് ചോദിച്ചു.

പത്തു വര്‍ഷം കൊണ്ട് എല്‍ഡിഎഫ് സര്‍ക്കാര്‍ നടത്തിയ അഴിമതിയുടെ റെക്കോര്‍ഡ് വെറും നൂറു ദിവസം കൊണ്ട് സൃഷ്ടിക്കാനാണ് യുഡിഎഫ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഒരു മാഫിയ സ്‌പോണ്‍സേര്‍ഡ് സര്‍ക്കാരാണ് ഇപ്പോള്‍ ഭരിക്കുന്നത്. അവര്‍ നല്‍കുന്ന പണം കൊണ്ടാണ് യാത്രകള്‍ നടത്തുന്നത്.

അതാണ് പേര് വ്യക്തമാക്കാത്തതിന്റെ കാരണമെന്നും കൃഷ്ണദാസ് ആരോപിച്ചു. വാര്‍ത്താസമ്മേളനത്തില്‍ ബിജെപി സിറ്റി ജില്ലാ പ്രസിഡന്റ് അഡ്വ. കെ.പി. പ്രകാശ് ബാബു, ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി ടി.വി. ഉണ്ണികൃഷ്ണന്‍, ജില്ലാ സെക്രട്ടറി എം. ജഗന്നാഥന്‍ എന്നിവര്‍ പങ്കെടുത്തു.

Recent Posts