തിരുവനന്തപുരം: സി.എം.ആർ.എൽ.-എക്സാലോജിക് മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനും മകൾ വീണ വിജയനും മരുമകനും മുൻ മന്ത്രിയുമായ പി.എ. മുഹമ്മദ് റിയാസിനുമെതിരെ വിജിലൻസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്ന ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി ബി.ജെ.പി നേതാവ് വി. മുരളീധരൻ എം.എൽ.എ. അന്തസ്സുണ്ടെങ്കിൽ പിണറായി വിജയൻ പ്രതിപക്ഷ നേതൃസ്ഥാനം ഒഴിയണമെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ ആവശ്യപ്പെട്ടു.
കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിൽ സർക്കാർ സ്വീകരിച്ച നിലപാടിനെ ചോദ്യംചെയ്ത മുരളീധരൻ, അന്വേഷണ ഏജൻസി കണ്ടെത്തലുകളും തെളിവുകളും കൈമാറിയിട്ടും കേസെടുക്കാതിരുന്നത് മനഃപൂർവമാണെന്ന് ആരോപിച്ചു. കോടികളുടെ കൈക്കൂലി, ഹവാല ഇടപാടുകൾ എന്നിവയുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ അന്വേഷണം ആവശ്യമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഇന്‍ഡി സഖ്യത്തിന്റെ രക്ഷാദൗത്യമാണ് ഈ വിധിയിലൂടെ ബഹുമാനപ്പെട്ട കോടതി പൊളിച്ചത്. ഹൈക്കോടതിയുടെ ഇടപെടൽ സി.പി.എമ്മിനും പ്രതിപക്ഷ രാഷ്‌ട്രീയ സഖ്യത്തിനും തിരിച്ചടിയാണെന്ന് മുരളീധരൻ അവകാശപ്പെട്ടു. കേസിൽ രാഷ്‌ട്രീയ വേട്ടയാടലാണ് നടക്കുന്നതെന്ന സി.പി.എം വാദവും കോടതി ഉത്തരവോടെ ദുർബലമായെന്നും അദ്ദേഹം വിമർശിച്ചു. കേരള ഹൈക്കോടതി മോദിക്കുവേണ്ടി പണിയെടുക്കുന്നു എന്ന് ഇനി സഖാക്കള്‍ പറഞ്ഞേക്കും. ഇഡി ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിര്‍വണം പോലും തടസപ്പെടുത്തി, അവരെ വധിക്കാന്‍ ശ്രമിച്ച ഓരോ കമ്യൂണിസ്റ്റുകാരനുമുള്ള മറുപടി കൂടിയാണ് ഇന്നത്തെ ഉത്തരവ്.
കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാനുള്ള കോടതി നിർദേശം, കുറ്റകൃത്യം നടന്നുവെന്നാണ് അർത്ഥമാക്കുന്നത്. അന്തസുണ്ടെങ്കിൽ പിണറായി വിജയൻ പ്രതിപക്ഷ നേതൃസ്ഥാനം ഒഴിയണം. ആരോപണങ്ങളിൽ അന്വേഷണം നടത്തി വസ്തുതകൾ കണ്ടെത്തുകയാണ് തുടർനടപടികളുടെ ലക്ഷ്യം. എന്നാൽ, കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ കരിമണല്‍ കമ്പനിയില്‍ നിന്ന് കൈക്കൂലി വാങ്ങിയ എല്ലാവരെയും അന്വേഷണപരിധിയിൽ കൊണ്ടുവരണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു.
എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്നതടക്കമുള്ള ആരോപണങ്ങളും അദ്ദേഹം കുറിപ്പിൽ ഉന്നയിച്ചു. ഇക്കാര്യങ്ങളിൽ ഉത്തരവാദികളായവർക്കെതിരെയും നടപടി വേണമെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.
ഫേസ്ബുക്ക് പോസ്റ്റ്:
പിണറായി വിജയനും മകള്‍ക്കും മരുമകനുമെതിരെ വിജിലന്‍സ് എഫ്ഐആര്‍ റജിസ്റ്റർ ചെയ്യണമെന്ന് ഹൈക്കോടതി
ഇന്‍ഡി സഖ്യത്തിന്റെ രക്ഷാദൗത്യമാണ് ഈ വിധിയിലൂടെ ബഹു.കോടതി പൊളിച്ചത്.
കോടികളുടെ കൈക്കൂലിയും ഹവാല ഇടപാടും ഒരു അന്വേഷണ ഏജന്‍സി കണ്ടെത്തി തെളിവുകള്‍ കൈമാറിയിട്ടും അതിന്‍മേല്‍ എഫ്ഐആര്‍ റജിസ്റ്റർ ചെയ്യാതിരുന്നത് മനപൂര്‍വമാണ്.
സിഎംആര്‍എല്‍–മാസപ്പടിക്കേസില്‍ ആര്‍ക്കിടയിലായിരുന്നു ഒത്തുകളി എന്ന് വ്യക്തമായി.
രാഷ്‌ട്രീയ വേട്ടയാടല്‍ എന്ന സിപിഎം വാദവും പൊളിഞ്ഞു.
എഫ്ഐആര്‍ ഇടാമെന്ന് കോടതി പറഞ്ഞതിന് അര്‍ഥം കുറ്റകൃത്യം ഉണ്ടെന്നാണ്.
അന്തസുണ്ടെങ്കിൽ ശ്രീ.പിണറായി വിജയൻ പ്രതിപക്ഷ നേതൃസ്ഥാനം ഒഴിയണം.
കേരള ഹൈക്കോടതി മോദിക്കുവേണ്ടി പണിയെടുക്കുന്നു എന്ന് ഇനി സഖാക്കള്‍ പറഞ്ഞേക്കും.
ഇഡി ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിര്‍വണം പോലും തടസപ്പെടുത്തി, അവരെ വധിക്കാന്‍ ശ്രമിച്ച ഓരോ കമ്യൂണിസ്റ്റുകാരനുമുള്ള മറുപടി കൂടിയാണ് ഇന്നത്തെ ഉത്തരവ്.
കരിമണല്‍ കമ്പനിയില്‍ നിന്ന് കൈക്കൂലി വാങ്ങിയ എല്ലാവരും അന്വേഷണ പരിധിയില്‍ വരണം.
NB : ഇതിന് അടിയില്‍ വന്ന് തന്റെ പേര് ഇല്ലേ എന്ന് ചോദിക്കുന്ന സുഹൃത്തുക്കളോട് , ബിജെപിയില്‍ ഒരേയൊരു മുരളീധരനേ ഉള്ളൂ എന്ന് തെളിയിക്കുന്നവര്‍ക്ക് ഒരു കുതിരപ്പവന്‍ സമ്മാനം
















