Sports

ഏഷ്യന്‍ ഗെയിംസ്: വുഷുവില്‍ വെള്ളിത്തിളക്കം

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസില്‍ ഭാരതത്തിന്റെ അഭിമാനമുയര്‍ത്തി വുഷുവില്‍ വെള്ളി മെഡല്‍ സ്വന്തമാക്കി മണിപ്പൂരില്‍ നിന്നുള്ള താരം നവോറെം റോഷിബിന ദേവി. വനിതകളുടെ 60 കിലോഗ്രാം സാന്ദാ വിഭാഗത്തിലാണ് ഭാരതത്തിനായി റോഷിബിന ഈ മികച്ച നേട്ടം കൈവരിച്ചത്.

വാശിയേറിയ ഫൈനല്‍ പോരാട്ടത്തില്‍ പ്രാദേശിക താരവും നിലവിലെ ചാമ്പ്യനുമായ ചൈനയുടെ വു സിയാവോവിയോട് പൊരുതിയാണ് റോഷിബിന വെള്ളി മെഡല്‍ ഉറപ്പിച്ചത്. 2018ലെ ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ വെങ്കലം നേടിയിരുന്ന ഇരുപത്തിരണ്ടുകാരിയായ റോഷിബിന, ഇത്തവണ അത് വെള്ളി മെഡലാക്കി മാറ്റുകയായിരുന്നു. ഇതോടെ ഏഷ്യന്‍ ഗെയിംസ് വുഷു ചരിത്രത്തില്‍ വെള്ളി മെഡല്‍ നേടുന്ന രണ്ടാമത്തെ ഭാരതീയ താരം എന്ന ഖ്യാതിയും റോഷിബിന സ്വന്തമാക്കി.

സ്വന്തം നാട്ടില്‍ അരങ്ങേറിയ സംഘര്‍ഷങ്ങളും പ്രതിസന്ധികളും മൂലം കുടുംബത്തെ മാസങ്ങളോളം നേരില്‍ കാണാന്‍ പോലും സാധിക്കാതിരുന്ന കഠിനമായ സാഹചര്യങ്ങളെ അതിജീവിച്ചാണ് റോഷിബിന ഈ അവിസ്മരണീയ നേട്ടത്തിലേക്ക് എത്തിയത്. മെഡല്‍ നേട്ടത്തിന് പിന്നാലെ വികാരാധീനയായ താരം, തന്റെ ഈ നേട്ടം പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന മണിപ്പൂരിലെ ജനങ്ങള്‍ക്കായി സമര്‍പ്പിക്കുന്നതായി അറിയിച്ചു. മണിപ്പൂരിലെ ബിഷ്ണുപൂര്‍ ജില്ലയിലെ ക്വാക്ഷിഫായ് സ്വദേശിനിയായ റോഷിബിനയെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ള പ്രമുഖര്‍ അഭിനന്ദിച്ചു. താരത്തിന്റെ അര്‍പ്പണബോധവും പോരാട്ടവീര്യവും രാജ്യത്തിന് വലിയ അഭിമാനമാണ് നല്‍കിയതെന്ന് അദ്ദേഹം എക്‌സില്‍ (ട്വിറ്റര്‍) കുറിച്ചു. വരും ചാമ്പ്യന്‍ഷിപ്പുകളില്‍ രാജ്യത്തിനായി സ്വര്‍ണം നേടുകയാണ് തന്റെ അടുത്ത ലക്ഷ്യമെന്ന് റോഷിബിന വ്യക്തമാക്കി.