നഗോയ: ഏഷ്യന്‍ ഗെയിംസ് പുരുഷ ഹോക്കിയില്‍ ഇന്നത്തെ ആവേശ സെമി പോരില്‍ ചിരവൈരികളായ ഭാരതവും പാകിസ്ഥാനും നേര്‍ക്കുനേര്‍ ഏറ്റുമുട്ടും. ഇന്ന് വൈകീട്ട് നാലിന് ഗിഫു പ്രിഫെക്ചറല്‍ ഗ്രീന്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന ഈ മത്സരം ഫൈനല്‍ പ്രവേശത്തിനൊപ്പം 2028 ലോസ് ആഞ്ചലസ് ഒളിമ്പിക്‌സിലേക്ക് നേരിട്ട് യോഗ്യത നേടാനുള്ള അവസരത്തിലേക്ക് കൂടിയാണ് കുതിക്കുന്നത്.
ഗെയിംസില്‍ നിലവിലെ സ്വര്‍ണ ജേതാക്കളായ ഭാരതം ഗ്രൂപ്പ് ഘട്ടത്തില്‍ അപരാജിത കുതിപ്പാണ് നടത്തിയത്. ഇന്തോനേഷ്യ(13-1), ശ്രീലങ്ക(16-1), ദക്ഷിണ കൊറിയ(8-2), ജപ്പാന്‍(2-0), ബംഗ്ലാദേശ്(10-0) എന്നിവര്‍ക്കെതിരെ തകര്‍പ്പന്‍ ജയത്തോടെ ഗ്രൂപ്പ് ജേതാക്കളായാണ് സെമിയിലെത്തിയിരിക്കുന്നത്. ഒന്‍പത് ഗോളുകള്‍ നേടിയ ദില്‍പ്രീത് സിങ്ങും എട്ട് ഗോളുകള്‍ വീതം അടിച്ചുകൂട്ടിയ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് സിങ്ങും അഭിഷേകും മികച്ച ഫോമിലാണ്. ആക്രമണത്തിലും പ്രതിരോധത്തിലും ഒരേപോലെ ആധിപത്യം പുലര്‍ത്തുന്നതാണ് ഭാരതത്തിന്റെ കരുത്ത്. പൂള്‍ ബിയില്‍ റണ്ണേഴ്‌സ് അപ്പുകളായാണ് എട്ട് തവണ ചാമ്പ്യന്മാരായ പാകിസ്ഥാന്‍ സെമിയിലെത്തിയത്. തായ്‌ലന്‍ഡ്(9-0), ഉസ്‌ബെക്കിസ്ഥാന്‍(5-1), ചൈന(3-0), ഒമാന്‍(7-2) എന്നിവരെ തോല്‍പ്പിച്ചെങ്കിലും മലേഷ്യയോട് (4-5) പരാജയപ്പെട്ടു. ടൂര്‍ണമെന്റില്‍ ഇതുവരെ 11 ഗോളുകള്‍ നേടിയ സുഫ്യാന്‍ ഖാനാണ് പാകിസ്ഥാന്റെ പ്രധാന കുന്തമുന.
2023 ഹാങ്ഷൗ ഏഷ്യന്‍ ഗെയിംസില്‍ 10-2 എന്ന വമ്പന്‍ മാര്‍ജിനിലാണ് ഭാരതം പാകിസ്ഥാനെ തോല്‍പ്പിച്ചത്. 2014 ഇഞ്ചിയോണ്‍ ഏഷ്യന്‍ ഗെയിംസിന് ശേഷം പാകിസ്താന് ഏഷ്യന്‍ ഗെയിംസില്‍ ഭാരതത്തെ പരാജയപ്പെടുത്താന്‍ സാധിച്ചിട്ടില്ല.
















