കൊട്ടാരക്കര: സദാനന്ദപുരം അവധൂത ആശ്രമത്തിന് നേരെ ആറംഗ സംഘം ആക്രമണം നടത്തിയതായി പരാതി. പാചകക്കാരനെയും സ്വാമിയെയും ബന്ധനസ്ഥരാക്കി മഠാധിപതി സ്വാമി ചിതാനന്ദ ഭാരതിയെ ഭീഷണിപ്പെടുത്തി രേഖകളില്‍ ഒപ്പിടാന്‍ ന ിര്‍ബന്ധിച്ചതായാണ് ആശ്രമം കൊട്ടാരക്കര പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.
വ്യാഴാഴ്ച രാത്രി 7.45ഓടെയായിരുന്നു സംഭവം. ആശ്രമ കവാടത്തില്‍ നിന്ന് അര കിലോമീറ്ററോളം അകലെയുള്ള വാസകേന്ദ്രത്തിലെത്തിയ സംഘം മഠാധിപതിയുടെ മുറിയില്‍ തട്ടുകയായിരുന്നു. ആരാണെന്ന് അന്വേഷിച്ചെത്തിയ പാചകക്കാരനെ കീഴ്‌പ്പെടുത്തിയ ശേഷം മറ്റൊരു സ്വാമിയായ അമൃതനന്ദ ഭാരതിയെയും മുറിയില്‍ പൂട്ടിയിട്ടെന്നാണ് പരാതി. തുടര്‍ന്ന് ശുശ്രൂഷയില്‍ കഴിയുന്ന മഠാധിപതിയുടെ മുറിയിലെത്തിയ സംഘം ഭീഷണിപ്പെടുത്തി വിവിധ രേഖകളില്‍ ഒപ്പിടാന്‍ നിര്‍ബന്ധിച്ചതായും പറയുന്നു.
ആശ്രമത്തിലെ പി.ആര്‍.ഒയെയും മറ്റ് സ്വാമിമാരെയും ആശ്രമത്തില്‍നിന്ന് മാറ്റണമെന്നും സംഘം ആവശ്യപ്പെട്ടതായി പരാതിയില്‍ പറയുന്നു. ആശ്രമത്തിന്റെ ഭാഗത്തുനിന്ന് ശബ്ദം കേട്ടതോടെ സംഘം രക്ഷപ്പെടുകയായിരുന്നു. സംഭവത്തില്‍ കണ്ടാലറിയാവുന്നവര്‍ക്കെതിരെ മഠാധിപതി കൊട്ടാരക്കര പോലീസില്‍ പരാതി നല്‍കി. മഠാധിപതിയെ അപായപ്പെടുത്താന്‍ ശ്രമിച്ചതടക്കം മുമ്പും ആശ്രമത്തില്‍ നിരവധി അക്രമസംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും പരാതികള്‍ നല്‍കിയിട്ടുണ്ടെന്നും ആശ്രമം പറയുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ നേരത്തെ പോലീസ് സംരക്ഷണവും ഏര്‍പ്പെടുത്തിയിരുന്നു.
പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് സ്ഥലത്തെത്തിയെങ്കിലും വിരലടയാള വിദഗ്ധര്‍ ഉള്‍പ്പെടെയുള്ള പരിശോധനകള്‍ നടത്തിയിട്ടില്ലെന്നും ആശ്രമം ആരോപിച്ചു. മഠാധിപതിയെ അപായപ്പെടുത്താനും ആശ്രമത്തിന്റെ സ്വത്ത് കൈക്കലാക്കാനുമുള്ള നീക്കത്തിന്റെ ഭാഗമാണ് ആക്രമണമെന്ന് ആശ്രമം പിആര്‍ഒ കെ.ആര്‍. രാധാകൃഷ്ണന്‍ ആരോപിച്ചു. നിരന്തരമായി അക്രമങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ ശക്തമായ നിയമനടപടി ഉണ്ടായില്ലെങ്കില്‍ ആശ്രമം പ്രതിഷേധത്തിലേക്ക് കടക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ പ്രദേശവാസികളും ഭക്തജനങ്ങളും ആശങ്കയിലാണ്.
നാമജപ ഘോഷയാത്ര നടത്തി
സദാനന്ദപുരം അവധൂത ആശ്രമത്തില്‍ അതിക്രമിച്ച് കയറി സന്യാസിമാരെ ആക്രമിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് ഹിന്ദു സംഘടനകളുടെ നേതൃത്വത്തില്‍ സദാനന്ദപുരത്ത് നാമജപ ഘോഷയാത്ര സംഘടിപ്പിച്ചു. മോട്ടല്‍ ജംഗ്ഷനില്‍ ആരംഭിച്ച് ആശ്രമം കവടത്തില്‍ സമാപിച്ച ഘോഷയാത്രയില്‍ നിരവധി പേര്‍ പങ്കെടുത്തു. പ്രതിഷേധയോഗം ആര്‍എസ്എസ് വിഭാഗ് സംഘചാലക് ഡോ. പ്രദീപ് കുമാര്‍ ഉദ്ഘാടനം ചെയ്തു.
പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യാന്‍ പോലീസ് തയ്യാറായില്ലെങ്കില്‍ എസ്പി ഓഫീസ് മാര്‍ച്ച് ഉള്‍പ്പെടെയുള്ള ശക്തമായ സമരപരിപാടികള്‍ സംഘടിപ്പിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. കേരളത്തിലെ നവോത്ഥാന ചരിത്രത്തില്‍ നിര്‍ണായക പങ്കുവഹിച്ച ആശ്രമത്തിനുനേരെ നടന്ന ആക്രമണം അത്യന്തം അപലപനീയമാണെന്ന് യോഗത്തില്‍ സംസാരിച്ച ബിജെപി ഈസ്റ്റ് ജില്ലാ പ്രസിഡന്റ് ആര്‍. രാജി പ്രസാദ് അഭിപ്രായപ്പെട്ടു.
ആശ്രമത്തില്‍ അതിക്രമിച്ച് കയറിയ സംഘം അമൃതാനന്ദഭാരതി സ്വാമികളെയും പാചകക്കാരനെയും ബന്ധിയാക്കുകയും, വയോധികനായ മഠാധിപതി ചിദാനന്ദഭാരതി സ്വാമികളുടെ മുറിയില്‍ അതിക്രമിച്ചു കയറി ആക്രമിക്കാന്‍ ശ്രമിക്കുകയുമായിരുന്നു ഉണ്ടായത്. പ്രതിഷേധയോഗത്തില്‍ ആര്‍എസ്എസ് ജില്ലാ കാര്യവാഹക് പ്രദീപ്, ജില്ലാ സഹസംഘചാലക് പി. ഉണ്ണികൃഷ്ണന്‍, എ.ആര്‍. അരുണ്‍, ആലഞ്ചേരി ജയചന്ദ്രന്‍, കെ.ആര്‍. രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
















