1987 ൽ കമൽ സംവിധാനം ചെയ്ത് മോഹൻലാൽ നായകനായി എത്തിയ ചിത്രമാണ് ‘ഉണ്ണികളെ ഒരു കഥ പറയാം’. ഔസേപ്പച്ചനായിരുന്നു ചിത്രത്തിന് സംഗീതം ഒരുക്കിയത്. മികച്ച പിന്നണി ഗായകനുള്ള ദേശീയ ചലച്ചിത്ര അവാർഡ് ചിത്രത്തിലൂടെ യേശുദാസും സ്വന്തമാക്കിയിരുന്നു. ഇപ്പോഴിതാ ഈ പാട്ടിന്റെ ഏറ്റവും വലിയ ആരാധകൻ സുരേഷ് ഗോപിയാണെന്ന് പറയുകയാണ് ഔസേപ്പച്ചൻ.
തന്നെ വിളിച്ച് ഈ പാട്ട് പാടി സുരേഷ് ഗോപി കരഞ്ഞതിനെക്കുറിച്ചും ഔസേപ്പച്ചൻ തുറന്നുപറഞ്ഞു. “മോഹൻലാലിന് എന്റെ പാട്ടിൽ ഏറ്റവും ഇഷ്ടം ഏതാണെന്ന് എന്നോട് പറഞ്ഞിട്ടില്ല. ‘ഉണ്ണികളെ ഒരു കഥ പറയാം’ റെക്കോർഡ് ചെയ്യുന്ന സമയത്ത് ‘ജനുവരി ഒരു ഓർമ’യിലെ പാട്ടിനെ കുറിച്ച് അദ്ദേഹം എന്നോട് പറഞ്ഞിട്ടുണ്ട്.
‘ഉണ്ണികളെ ഒരു കഥ പറയാം’ എന്ന പാട്ടിന്റെ കടുത്ത ഫാൻ ആരാണെന്ന് ചോദിച്ചാൽ അത് സുരേഷ് ഗോപിയാണ്. അദ്ദേഹം എപ്പോഴും ആ പാട്ടിനെ കുറിച്ച് പറയും. അടുത്ത് ഒരു ദിവസവും വിളിച്ചിട്ട്, ‘മഞ്ഞും മണി തെന്നലും തരും… പുല്ലാങ്കുഴൽ നാദമായി’ എന്ന് പാടിയിട്ട് ഒരൊറ്റ കരച്ചിൽ. അതായത് അത്രമാത്രം അദ്ദേഹം പാട്ടിനെ സ്നേഹിക്കുന്നു.
അദ്ദേഹം അതിലിറങ്ങി ചെന്ന് പാടിയതാണ്. ‘ഇനി എനിക്ക് പാടാൻ പറ്റില്ല, ഞാൻ വിങ്ങി പൊട്ടി പോയി’ എന്ന് അദ്ദേഹം പറഞ്ഞു. ആ പാട്ട് തന്നെയാണ് ആ സിനിമ. അതിന്റെ പേരും അതുകൊണ്ട് കറക്ടായിട്ട് വന്നു. ആ പാട്ടില്ലെങ്കിൽ ആ പടം ഇല്ല, ആ പടം ഇല്ലെങ്കിൽ ആ പാട്ടില്ല”.- ഔസേപ്പച്ചൻ പറഞ്ഞു.
















