നാഗര്‍കോവില്‍: പത്മനാഭപുരം കൊട്ടാരത്തിന്റെ ചരിത്രമുറ്റത്ത് കാലം മായ്‌ക്കാതെ കാത്തുസൂക്ഷിച്ചിരിക്കുന്ന ഓര്‍മ്മകളില്‍ വേറിട്ടൊരു അധ്യായമാണ് ഇന്ദ്രവിലാസം മാളിക. രാജകുടുംബത്തിന്റെ ജീവിതവുമായി മാത്രമല്ല, ദൂരദേശങ്ങളില്‍ നിന്ന് തിരുവിതാംകൂറിലെത്തിയ വിദേശ അതിഥികളുടെ രാജകീയ താമസത്തിനും ആതിഥ്യത്തിനും വേദിയായിരുന്ന ഇടം എന്ന പ്രത്യേകതയും ഈ മാളികക്കുണ്ട്.
കടല്‍ കടന്ന് തിരുവിതാംകൂറിലെത്തിയ വിദേശ സഞ്ചാരികളും ഔദ്യോഗിക അതിഥികളും രാജകുടുംബത്തിന്റെ അതിഥികളായി എത്തിയപ്പോള്‍, അവരെ സ്വീകരിക്കുകയും താമസിപ്പിക്കുകയും ചെയ്തിരുന്ന കൊട്ടാര പരിസരത്തിലെ പ്രധാന ഇടങ്ങളിലൊന്നായി ഇന്ദ്രവിലാസം മാറിയിരുന്നു. അതുകൊണ്ടുതന്നെ ഈ മാളികയുടെ ചുമരുകള്‍ക്ക് പറയാനുള്ളത് ഒരു കൊട്ടാരത്തിന്റെ മാത്രം കഥയല്ല, തിരുവിതാംകൂറും വിദേശ ലോകവും തമ്മിലുണ്ടായിരുന്ന ബന്ധങ്ങളുടെ ചരിത്രം കൂടിയാണ്.

ഇന്ദ്രവിലാസത്തിന്റെ പഴമയാര്‍ന്ന മരപ്പണികളും പരമ്പരാഗത കേരള വാസ്തു ശൈലിയുടെ സവിശേഷതകളും സന്ദര്‍ശകനെ മറ്റൊരു കാലത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നു. കൊട്ടാരത്തിന്റെ വാതിലുകള്‍ കടന്നെത്തുമ്പോള്‍, ആധുനിക ലോകത്തിന്റെ തിരക്കില്‍ നിന്ന് അല്‍പനേരത്തേക്കെങ്കിലും ഒരാള്‍ പതിനെട്ടാം നൂറ്റാണ്ടിന്റെ ഓര്‍മ്മകളിലേക്ക് വഴുതി വീഴുന്നതുപോലെയാണ് അനുഭവം.
പണ്ട് കാലത്ത് ആഡംബര ഹോട്ടലുകളോ വിശ്രമകേന്ദ്രങ്ങളോ ഉണ്ടായിരുന്നില്ല. രാജകീയ അതിഥികള്‍ക്കുള്ള താമസം തന്നെ ഭരണാധികാരിയുടെ ആതിഥ്യമര്യാദയുടെ ഭാഗമായിരുന്നു. അത്തരം സന്ദര്‍ഭങ്ങളില്‍ ഇന്ദ്രവിലാസം ഒരു താമസസ്ഥലം മാത്രമായിരുന്നില്ല, വിദേശ അതിഥികളെ തിരുവിതാംകൂറിന്റെ സംസ്‌കാരവും പാരമ്പര്യവും പരിചയപ്പെടുത്തുന്ന രാജകീയ വാതില്‍പ്പടിയായിരുന്നു. മരപ്പണിയുടെ മനോഹാരിത നിറഞ്ഞ മാളികയിലേക്ക് വിദേശ അതിഥികള്‍ എത്തുമ്പോള്‍. കേരളത്തിന്റെ കാലാവസ്ഥയ്‌ക്കും ജീവിതരീതിക്കും അനുയോജ്യമായി രൂപകല്‍പ്പന ചെയ്ത മാളിക അവര്‍ക്കൊരു പുതിയ ലോകത്തിന്റെ അനുഭവമായിരുന്നു.
വിദേശികള്‍ കണ്ട കേരളത്തിന്റെ രാജകീയ മുഖം
ഇന്ദ്രവിലാസത്തില്‍ താമസിച്ച അതിഥികള്‍ക്ക് ലഭിച്ചത് ഒരു മുറിയും കിടക്കയും മാത്രമായിരുന്നില്ല. തിരുവിതാംകൂറിന്റെ കലയും വാസ്തുവിദ്യയും സംസ്‌കാരവും രാജകീയ പാരമ്പര്യവും അടുത്തറിയാനുള്ള അവസരവുമായിരുന്നു. ഇന്ന് മാളികയുടെ മുറികളില്‍ പഴയ വാതിലുകളും മരത്തൂണുകളും ജനാലകളും ആ കാലത്തിന്റെ ഓര്‍മ്മകളെ ഇന്നും ചേര്‍ത്തുപിടിക്കുന്നു. ഒരിക്കല്‍ കടല്‍ കടന്ന് വന്ന അതിഥികള്‍ക്ക് തുറന്നിരുന്ന വാതിലുകളാണ് ഇന്ന് ചരിത്രാന്വേഷികള്‍ക്കും സഞ്ചാരികള്‍ക്കും മുന്നില്‍ തുറക്കുന്നത്. വിദേശികള്‍ക്ക് ഒരിക്കല്‍ ആതിഥ്യമരുളിയ ആ മാളിക, ഇന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന ചരിത്രപ്രേമികളെ വരവേല്‍ക്കുന്നു.
















