തിരുവനന്തപുരം: ഹൈക്കോടതി ഉത്തരവ് പ്രകാരം കേരള വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് സംഘ് നല്‍കിയ പരാതികളെ തുടര്‍ന്ന് ഓണ്‍ലൈന്‍ സ്ഥലംമാറ്റം നടപ്പിലാക്കുന്നു. സര്‍ക്കാര്‍ ജീവനക്കാരുടെ സ്ഥലം മാറ്റം ഓണ്‍ലൈനായിട്ട് മാത്രമെ നടപ്പിലാക്കാവൂ എന്നിരിക്കെ വാട്ടര്‍ അതോറിറ്റിയില്‍ പാര്‍ട്ടിക്കാരെ ഇഷ്ടമുള്ളയിടത്ത് നിയമിക്കുന്നത് ചോദ്യം ചെയ്താണ് കേരള വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് സംഘ് രംഗത്ത് വന്നത്. പൊതു സ്ഥലംമാറ്റം പൂര്‍ത്തിയാക്കണമെന്ന ചട്ടം 2021 മുതല്‍ 2025 വരെ ഒരിക്കലും പാലിച്ചിട്ടില്ല. ഇതിനകം ഓഫ് ലൈനായി 435 പേരെ സ്ഥലംമാറ്റിയിരുന്നു. ബിഎംഎസ് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയെ തുടര്‍ന്ന് ജീവനക്കാരുടെ ആവശ്യങ്ങള്‍ കേട്ട് പരാതികള്‍ പരിഹരിക്കാന്‍ എംഡിക്ക് കോടതി നിര്‍ദേശം നല്‍കി. ഇതനുസരിച്ച് എംഡിയുമായി നടത്തിയ ചര്‍ച്ചയില്‍ പരാതികള്‍ പരിഹരിക്കാനും ഓണ്‍ലൈന്‍ പൊതു സ്ഥലംമാറ്റ നടപടികള്‍ ഉടന്‍ ആരംഭിക്കാനും തീരുമാനമായി.
വാട്ടര്‍ അതോറിറ്റിയില്‍ 2021 മുതല്‍ നടപ്പിലാക്കുന്ന ഓണ്‍ലൈന്‍ പൊതു സ്ഥലംമാറ്റത്തിലെ അപാകതകള്‍, സമയക്രമം പാലിക്കാത്തത്, ക്യൂ ലിസ്റ്റിലെ തെറ്റുകള്‍, പോസ്റ്റ് ഷിഫ്റ്റിങ്, അഞ്ച് കിലോമീറ്റര്‍ സ്റ്റേഷന്‍ തത്വം പാലിക്കാത്തത്, തുടങ്ങിയവ പരാതിയില്‍ പറയുന്നു.
അപ്പീല്‍ നടപടികള്‍ പൂര്‍ണമായും ഓണ്‍ലൈന്‍ ആക്കണം. ക്യൂ ലിസ്റ്റ് കരടിനോടൊപ്പം തന്നെ പ്രസിദ്ധീകരിക്കണം. ഫൈനല്‍ ഉത്തരവ് വന്നിട്ടും സ്ഥലംമാറ്റം ലഭിക്കാത്തവരെ ഉള്‍പ്പെടുത്തി പുതിയ ക്യൂ ലിസ്റ്റ് പ്രസിദ്ധീകരിക്കണം. അപ്പീല്‍ കമ്മിറ്റിയില്‍ സജീവ രാഷ്‌ട്രീയപ്രവര്‍ത്തകരെയോ സംഘടനാ ഭാരവാഹികളെയോ ഉള്‍പ്പെടുത്താന്‍ പാടില്ലെന്നും ആവശ്യപ്പെട്ടു. കേരള വാട്ടര്‍ അതോറിറ്റി സംഘിന്റെ ഇടപെടലിലൂടെ വാട്ടര്‍ അതോറിറ്റിയിലെ ആയിരക്കണക്കിന് ജീവനക്കാരുടെ അവകാശം സംരക്ഷിക്കാനായെന്ന് എംപ്ലോയിസ് സംഘ് സംസ്ഥാന ഭാരവാഹികള്‍ പറഞ്ഞു.
















