ഇടുക്കി: എഴുകുംവയലില്‍,മാതാപിതാക്കളെ മകന്‍ കൊലപ്പെടുത്തിയത് പണം നല്‍കാത്തതിനാലെന്ന് പ്രാഥമിക നിഗമനം. പ്രതി അജീഷ് ലോണ്‍ ആപ്പുകളില്‍ നിന്നും വായ്‌പയെടുത്തിട്ടുണ്ട്. വിശദമായി ചോദ്യം ചെയ്യുന്നതിനും തെളിവെടുപ്പിനുമായി അജീഷിനെ ബുധനാഴ്ച വീണ്ടും കസ്റ്റഡിയില്‍ വാങ്ങും.
അജീഷ് ലഹരിക്ക് അടിമയായിരുന്നു എന്നാണ് പൊലീസിന്റെ നിഗമനം. ഇയാള്‍ക്ക് വരുമാനമാര്‍ഗം ഇല്ലാതിരുന്നതിനാല്‍ ഓണ്‍ലൈന്‍ ലോണ്‍ ആപ്പുകളെ ആശ്രയിച്ചിരുന്നു എന്നും കണ്ടെത്തി. വായ്‌പയുടെതിരിച്ചടവ് മുടങ്ങിയിരുന്നു.. പിതാവ് ആന്റണിയോടും അമ്മ വത്സമ്മയോടും പലതവണ അജീഷ് പണം ആവശ്യപ്പെട്ടു. എന്നാല്‍ ഒരു പരിധി കഴിഞ്ഞപ്പോള്‍ പണം നല്‍കാതിരുന്നത് അജീഷിന് മാതാപിതാക്കളോട് ദേഷ്യമുണ്ടാകാന്‍ കാരണമായി
ലഹരി വിമുക്തി കേന്ദ്രത്തില്‍ ചികിത്സിച്ചതും മാതാപിതാക്കളോടുള്ള ദേഷ്യത്തിന് കാരണമാണ്. റിമാന്‍ഡില്‍ ഉള്ള അജീഷ് ലഹരിയുടെ കെട്ടുവിട്ട് സ്വബോധത്തിലേക്ക് എത്തിയിട്ടില്ല എന്നാണ് പൊലീസ് പറയുന്നത്.
അതേസമയം മാതാപിതാക്കളെ കൊലപ്പെടുത്താന്‍ പ്രതി നേരത്തെ തീരുമാനിച്ചിരുന്നു എന്നാണ് വ്യക്തമാകുന്നത്.അച്ഛനെയും അമ്മയും കുത്തിക്കൊലപ്പെടുത്താന്‍ ഉപയോഗിച്ച കത്തി മാസങ്ങള്‍ക്കു മുമ്പ് അജീഷ് വാങ്ങി സൂക്ഷിച്ചിരുന്നു. കൊല്ലപ്പെട്ട ആന്റണിയുടെയും വത്സമ്മയുടെയും സംസ്‌കാര ചടങ്ങ് ഇന്ന് നടക്കും.
















