ന്യൂദല്‍ഹി: 2012-ല്‍ കര്‍ണാടകയിലെ ധര്‍മ്മസ്ഥലയില്‍ വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം അന്വേഷിക്കാന്‍ സുപ്രീം കോടതി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. ആധുനിക സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് മൂന്ന് മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് അതിജീവതയുടെ പിതാവ് നല്‍കിയ ഹര്‍ജി തള്ളിയ കര്‍ണാടക ഹൈക്കോടതി ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് സെപ്റ്റംബര്‍ 21 ന് ജസ്റ്റിസുമാരായ സഞ്ജയ് കുമാറും സഞ്ജീവ് സച്ച്‌ദേവയും അടങ്ങുന്ന ഡിവിഷന്‍ ബെഞ്ചിന്‌റെ ഉത്തരവ്.
ലോക്കല്‍ പോലീസ്, സിഐഡി, സിബിഐ എന്നിവര്‍ നടത്തിയ അന്വേഷണങ്ങളില്‍ ഗുരുതരമായ വീഴ്ചകള്‍ സംഭവിച്ചിട്ടുണ്ടെന്ന് കോടതി വിലയിരുത്തി. ലോക്കല്‍ പോലീസ്, സിഐഡി, സിബിഐ എന്നിവ മുമ്പ് നടത്തിയ അന്വേഷണങ്ങളുമായി ബന്ധപ്പെട്ട ഒരു ഉദ്യോഗസ്ഥനെയും എസ്ഐടിയില്‍ ഉള്‍പ്പെടുത്തരുതെന്നും കോടതി നിര്‍ദേശിച്ചു.
2012 ഒക്ടോബര്‍ 9 ന് കുറ്റിക്കാട്ടില്‍ അര്‍ദ്ധനഗ്‌നമായ നിലയില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. യൂണിഫോമിന്റെ ഷാള്‍ കൊണ്ട് ഇടതുകൈ മരത്തിന്റെ കൊമ്പില്‍ കെട്ടിയിരുന്നു. പോസ്റ്റ്മോര്‍ട്ടം പരിശോധനയില്‍ ലൈംഗികാതിക്രമത്തിന്റെയും ശ്വാസംമുട്ടിച്ചതിന്റെയും ലക്ഷണങ്ങള്‍ കണ്ടെത്തി. തുടര്‍ന്ന് പോലീസ് സന്തോഷ് റാവുവിനെ അറസ്റ്റ് ചെയ്തു. എന്നാല്‍, ഒരു തെളിവും കണ്ടെത്താനാകാതെ 2023 ജൂണില്‍ വിചാരണ കോടതി ഇയാളെ കുറ്റവിമുക്തനാക്കുകയായിരുന്നു.
















