കിളിമാനൂർ : സംസ്ഥാന പാതയിൽ കിളിമാനൂരിന് സമീപം കുറവൻകുഴിയിൽ ഓട്ടോയും ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. രണ്ടുപേർക്ക് പരിക്ക്. പരിക്കേറ്റവരിൽ ഒരാളുടെ നില അതീവ ഗുരുതരം. കിളിമാനൂർ മഹാദേവേശ്വരം വാർഡിൽ ചെവളക്കോണം വിളയിൽ വീട്ടിൽ ബിബിൻ ബാബു (25) ആണ് മരിച്ചത്.
അച്ഛൻ ബാബു പഴയകുന്നുമ്മേൽ സർവീസ് സഹകരണ ബാങ്കിലെ ജീവനക്കാരനും, അമ്മ ഷീല മഠത്തിൽ കുന്ന് അങ്കണവാടിയിലെ ആയയുമാണ്. ബിബിൻ ബാബു വിദേശത്തായിരുന്നു. വിവാഹവുമായി ബന്ധപ്പെട്ട് നാട്ടിലെത്തിയതാണ്. കഴിഞ്ഞമാസം 30 തിനായിരുന്നു വിവാഹം. മഹാദേവേശ്വരം വാർഡിൽ തന്നെ തന്നെ ബിബിൻ ബാബുവിന്റെ സുഹൃത്തുക്കളും സമീപവാസികളുമായ ശ്രീജിത്ത് (30) അനന്ദൻ (20) എന്നിവർക്കാണ് പരിക്ക്. ഇതിൽ ശ്രീജിത്തിന്റെ നിലയാണ് അതീവ ഗുരുതരം.
പരിക്കേറ്റവരിൽ ഒരാൾ വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലും, മറ്റേയാളെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും ചികിത്സയിലാണ്. ശനി രാവിലെ 9 മണിയോടെയായിരുന്നു അപകടം. അപകടത്തിൽ പെട്ടവർ ഓട്ടോയിൽ സഞ്ചരിച്ചവരാണ്.
വയ്യാറ്റിൻകര ഭാഗത്തുനിന്നും വന്ന ഓട്ടോ കുറവൻ കുഴിയിൽ സംസ്ഥാന പാതയിൽ കയറി കിളിമാനൂർ ഭാഗത്തേക്ക് വരവേ നിയന്ത്രണം വിട്ട് എതിർ ദിശയിൽ വന്ന ടൂറിസ്റ്റ് ബസ്സിൽ ഇടിക്കുകയായിരുന്നു. നിയന്ത്രണം വിട്ട് ദിശ മാറി വരുന്ന ഓട്ടോറിക്ഷയെ കണ്ട് ബസ് നിർത്തിക്കൊടുത്തതായി ദൃസാക്ഷികൾ പറയുന്നു. അപകടത്തിൽ ഓട്ടോ പൂർണ്ണമായും തകർന്നു. ഭാര്യ : സുറുമി. സഹോദരൻ: ബിഥുൻ ബാബു. കിളിമാനൂർ പോലീസ് കേസെടുത്ത് മേൽ നടപടി സ്വീകരിച്ചു.
അപകടത്തിൽ മരിച്ചത് നവവരൻ
സംസ്ഥാന പാതയിൽ കിളിമാനൂരിന് സമീപം ഇന്നലെ രാവിലെ ഉണ്ടായ അപകടത്തിൽ മരിച്ചത് നവവരൻ. മരിച്ച ചെവളക്കോണം വിളയിൽ വീട്ടിൽ ബിബിൻ ബാബു വിദേശത്തായിരുന്നു. വിവാഹത്തിനായി നാട്ടിലെത്തി കഴിഞ്ഞമാസം 30 നാണ് വിവാഹം നടത്തിയത്. വിതുര സ്വദേശി സുറുമിയാണ് വധു. ഉറ്റ ബന്ധുക്കളെയും നാട്ടുകാരെയും ക്ഷണിച്ച് സന്തോഷപൂർവ്വം വിവാഹം നടത്തി സന്തോഷപരമായ കുടുംബ ജീവിതത്തിലേക്ക് കടക്കുമ്പോഴാണ് വിധി ബിബിൻ ബാബുവിനെ തട്ടിയെടുത്തത്.
ഉറ്റ സുഹൃത്തുക്കളുമായി ഓട്ടോയിൽ വരുമ്പോഴാണ് അപകടം ഉണ്ടായത്. ഒന്ന് രണ്ട് മാസങ്ങൾക്കുള്ളിൽ വീണ്ടും വിദേശത്തേക്ക് പോകണമെന്ന ആഗ്രഹത്തിലായിരുന്നു ബിബിൻ ബാബു. സുഹൃത്തായ ശ്രീജിത്തിന്റെതായിരുന്നു ഓട്ടോ. അടുത്ത ദിവസങ്ങളിലാണ് ശ്രീജിത്ത് ഓട്ടോ സ്വന്തമാക്കിയത്. അടുത്ത കാലം വരെ കിളിമാനൂരിലെ ഒരു ബാങ്കിലെ ദിവസ വേതനക്കാരനായിരുന്നു ശ്രീജിത്ത്. അപകടവും തുടർന്നുണ്ടായ മരണവും ചെവളക്കോണം ഗ്രാമത്തെയാകെ ദുഃഖത്തിലാക്കി. നടപടികൾക്ക് ശേഷം ഞായർ (27.09) മൃതദേഹം വീട്ടിലെത്തിച്ച് സംസ്കരിക്കും.
















