കൊച്ചി: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി സംസ്ഥാന വനിതാ-ശിശു വികസന വകുപ്പ് സംഘടിപ്പിക്കുന്ന ‘ഫ്രീഡം അറ്റ് മിഡ്‌നൈറ്റ്’ പരിപാടിയില്‍ പുരുഷന്മാര്‍ക്കുള്ള വിലക്ക് ചോദ്യം ചെയ്ത് സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജി ഹൈക്കോടതി പരിഗണിച്ചില്ല. ആഗസ്റ്റ് 14 ന് രാത്രി 10 മുതല്‍ 15 ന് പുലര്‍ച്ചെ ഒന്നു വരെ തിരുവനന്തപുരത്തെ തമ്പാനൂര്‍ പിഎംജി ജംഗ്ഷന്‍ മുതല്‍ ഓവര്‍ബ്രിഡ്ജ് ജംഗ്ഷന്‍ വരെയാണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്. സ്ഥിരീകരിക്കാത്ത പത്രവാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് ഹര്‍ജി സമര്‍പ്പിച്ചതെന്ന് ചീഫ് ജസ്റ്റിസ് സൗമെന്‍ സെന്‍ , ജസ്റ്റിസ് ശ്യാം കുമാര്‍ വിഎം എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് പറഞ്ഞു. കോടതിയെ സമീപിക്കുന്നതിന് മുമ്പ് ഹര്‍ജിക്കാരന്‍ ബന്ധപ്പെട്ട അധികാരികളെ സമീപിച്ചിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
പുരുഷന്മാര്‍ക്ക് സ്ത്രീകളുടെ സമ്മേളനത്തില്‍ പ്രവേശിക്കുന്നതിന് മാത്രമേ നിയന്ത്രണമുള്ളൂയെന്നും പൊതുവഴികള്‍ ഉപയോഗിക്കുന്നതില്‍ നിന്ന് അവരെ തടയില്ലെന്നുമുള്ള സര്‍ക്കാരിന്റെ നിലപാട് കോടതി രേഖപ്പെടുത്തി.
പരിപാടി നടക്കുന്ന സമയത്ത് പുരുഷന്മാര്‍ക്ക് ആ പ്രദേശത്ത് പ്രവേശനം നിരോധിക്കുമെന്ന ആശങ്ക പ്രകടിപ്പിച്ച് അഭിഭാഷകനായ ആദര്‍ശ് എസ്.ആര്‍ ആണ് പൊതുതാല്‍പര്യ ഹര്‍ജി സമര്‍പ്പിച്ചത്.
















