കോഴിക്കോട്: തെരഞ്ഞെടുപ്പിന് മുമ്പ് ഉദ്ഘാടനം ചെയ്ത മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് നിര്‍മാണം നീളുന്നതില്‍ വിജിലന്‍സ് അന്വേഷണം.കരാര്‍ വ്യവസ്ഥകള്‍ അട്ടിമറിച്ചു, നിര്‍മാണത്തില്‍ ക്രമക്കേടും അഴിമതിയും നടന്നു എന്നിങ്ങനെ ആരോപണങ്ങള്‍ ഉന്നയിച്ച് കെ ജയന്ത് എംഎല്‍എ നല്‍കിയ പരാതിയിലാണ് സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടത്.
മാര്‍ച്ച് ഒമ്പതിനാണ് അന്നത്തെ പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് റോഡ് നിര്‍മാണം ഉദ്ഘാടനം ചെയ്തത്. എന്നാല്‍ പദ്ധതിയുടെ പ്രധാനപ്പെട്ട ജോലികള്‍ പലതും ഇതിന് ശേഷവും പൂര്‍ത്തിയായിട്ടില്ല. മാനാഞ്ചിറ മുതല്‍ വെള്ളിമാടുകുന്ന് വരെ 8.4 കിലോമീറ്റര്‍ ദൂരത്തിലാണ് 24 മീറ്റര്‍ വീതിയിലുള്ള നാലുവരിപ്പാത നിര്‍മിക്കുന്നത്.
ഇരുവശത്തുമായി രണ്ട് മീറ്റര്‍ വീതിയില്‍ നടപ്പാത, ഓവുചാല്‍, യൂട്ടിലിറ്റി ഡക്റ്റ് എന്നിവയും പദ്ധതിയിലുണ്ട്. 250 മീറ്റര്‍ ഇടവിട്ട് ക്രോസ് ഡക്ടുകളും ഒരുക്കുന്നുണ്ട്. ഏഴ് സിഗ്‌നലുകള്‍, 21 ബസ് കാത്തിരിപ്പ് കേന്ദ്രങ്ങള്‍, 350 തെരുവുവിളക്കുകള്‍ എന്നിവയും പദ്ധതിയുടെ ഭാഗമായുണ്ട്.
പദ്ധതിയുടെ കരാര്‍ വ്യവസ്ഥകള്‍ പാലിച്ചോയെന്നും നിര്‍മാണത്തില്‍ ക്രമക്കേടുകളോ അഴിമതിയോ നടന്നിട്ടുണ്ടോയെന്നും ഉള്‍പ്പെടെ കാര്യങ്ങളാണ് വിജിലന്‍സ് അന്വേഷിക്കുക.
















