ബെർലിൻ: ജർമനിയിലെ കൊളോൺ നഗരത്തിൽ 16 വയസ്സുകാരിക്കു നേരേ ഹ്യൂമനോയിഡ് റോബോട്ട് അതിക്രമം നടത്തിയതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് റോബോട്ടിന്റെ ഉടമയായ 16-കാരനെയും ഇയാളുടെ 19 വയസ്സുകാരനായ സുഹൃത്തിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. റോബോട്ടും പ്രതികളുടെ രണ്ട് മൊബൈൽ ഫോണുകളും പിടിച്ചെടുത്തു.
നഗരമധ്യത്തിലെ ഒരു ഫാസ്റ്റ് ഫുഡ് ഔട്ട്ലെറ്റിന് സമീപമാണ് സംഭവം. സുഹൃത്തുക്കൾക്കൊപ്പം നിൽക്കുകയായിരുന്ന പെൺകുട്ടിയുടെ പിന്നിലെത്തിയ റോബോട്ട്, പെൺകുട്ടിയെ കടന്നുപിടിക്കുകയും അനുചിതമായി പെരുമാറുകയും ചെയ്തതായാണ് റിപ്പോർട്ട്. ഭയന്ന പെൺകുട്ടി നിലവിളിച്ചുകൊണ്ട് സ്ഥലത്തുനിന്ന് മാറി.
റോബോട്ടിന്റെ ഉടമയും സുഹൃത്തും സംഭവത്തിന്റെ ദൃശ്യങ്ങൾ പകർത്തുകയും സാമൂഹികമാധ്യമങ്ങളിലൂടെ തത്സമയം സംപ്രേഷണം ചെയ്യുകയും ചെയ്തതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
വിവരം ലഭിച്ചതിനെത്തുടർന്ന് സ്ഥലത്തെത്തിയ അടിയന്തരസേനയും പൊലീസും ചേർന്ന് അന്വേഷണം നടത്തി. തുടർന്ന് ഒരു കാറിന്റെ പിൻഭാഗത്ത് ഒളിപ്പിച്ച നിലയിൽ റോബോട്ടിനെ കണ്ടെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.
റോബോട്ടിന്റെ പ്രവർത്തനം ആരെങ്കിലും വിദൂരത്തുനിന്ന് നിയന്ത്രിച്ചിരുന്നോ, സംഭവത്തിന് പിന്നിൽ മറ്റെന്തെങ്കിലും ഇടപെടലുകളുണ്ടോ തുടങ്ങിയ കാര്യങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്. സംഭവത്തിന്റെ സാഹചര്യങ്ങളും ഉത്തരവാദിത്തവും കണ്ടെത്തുന്നതിനുള്ള അന്വേഷണം തുടരുകയാണ്.











