കൊച്ചി: സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളില് പുതിയ സ്ഥിരം നിയമനങ്ങള് നടക്കാത്ത സാഹചര്യത്തില്, എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി താത്കാലികമായി നിയമിക്കപ്പെടുന്നവര് രാഷ്ട്രീയ സ്വാധീനത്തില് വര്ഷങ്ങളോളം തുടരുന്നു. മാറിമാറി വന്ന സര്ക്കാരുകളുടെ കാലത്തും ഈ പ്രവണതയ്ക്ക് മാറ്റമുണ്ടായിട്ടില്ല. ഇതോടെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില് പേര് രജിസ്റ്റര് ചെയ്ത് കാത്തിരിക്കുന്നവര്ക്ക് അവസരങ്ങള് നഷ്ടപ്പെടുകയാണ്.
നഷ്ടം ചൂണ്ടിക്കാട്ടി പല പൊതുമേഖലാ സ്ഥാപനങ്ങളിലും പുതിയ സ്ഥിരം നിയമനങ്ങള് പരിമിതപ്പെടുത്തുമ്പോഴും, താത്കാലിക നിയമനങ്ങളുടെ കാര്യത്തില് വ്യത്യസ്തമായ സമീപനമാണ്. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന ഒരു വര്ഷത്തേക്ക് നിയമിക്കപ്പെടുന്നവര് കാലാവധി കഴിഞ്ഞിട്ടും തുടരുകയാണ്. രാഷ്ട്രീയ നേതാക്കളുടെ ശിപാര്ശകളാണ് ഇത്തരം നിയമനങ്ങള്ക്കും തുടര്നിയമനങ്ങള്ക്കും പിന്നില്.
ദിവസവേതന നിയമനങ്ങള് സാമ്പത്തിക ബാധ്യത വര്ധിപ്പിക്കുന്നു
താല്ക്കാലിക, ദിവസവേതന ജീവനക്കാരുടെ വേതനത്തിനും ആനുകൂല്യങ്ങള്ക്കും വ്യത്യസ്ത വ്യവസ്ഥകളാണ്. ഉത്സവബത്തയ്ക്കു പുറമേ ബോണസ് ഉള്പ്പെടെയുള്ള മറ്റ് ആനുകൂല്യങ്ങളും നല്കേണ്ടിവരുന്നത് സ്ഥാപനങ്ങളുടെ സാമ്പത്തിക ബാധ്യത വര്ധിപ്പിക്കും. പ്രതിസന്ധി നേരിടുന്ന സ്ഥാപനങ്ങള്ക്ക് അധിക ബാധ്യതകള് വെല്ലുവിളിയാകും.
എന്നാല്, സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി സ്ഥിരം നിയമനങ്ങള് ഒഴിവാക്കുകയും താല്ക്കാലിക ജീവനക്കാരെ ദീര്ഘകാലം തുടരാന് അനുവദിക്കുകയും ചെയ്യുന്നത് ഏത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണെന്നാണ് ചോദ്യം.
രാഷ്ട്രീയ ശിപാര്ശകള് നിയമന മാനദണ്ഡങ്ങളെ മറികടക്കുകയാണ്. മാനേജിങ് ഡയറക്ടര്മാരും ഉന്നത ഉദ്യോഗസ്ഥരും ശിപാര്ശകള്ക്കു വഴങ്ങി വേണ്ടപ്പെട്ടവരെ തുടരാന് അനുവദിക്കുകയാണ്. ചില ജീവനക്കാര് പത്തും പതിനഞ്ചും വര്ഷമായി താല്ക്കാലികമോ ദിവസവേതന അടിസ്ഥാനത്തിലോ തുടരുന്നുണ്ട്.
മൃഗസംരക്ഷണം, ആരോഗ്യം, കെഎസ്ഇബി, ജലസേചനം, വ്യവസായം തുടങ്ങിയ മേഖലകളിലെ താല്ക്കാലിക നിയമനങ്ങളും ജീവനക്കാരുടെ ദീര്ഘകാല തുടര്സേവനവും പരിശോധിക്കണമെന്നാണ്ആവശ്യം. പൊതുമേഖലാ സ്ഥാപനങ്ങളില് ഇത്തരം നിയമനങ്ങള് എത്രയുണ്ട്, എത്രപേര് വര്ഷങ്ങളായി താത്കാലിക അടിസ്ഥാനത്തില് തുടരുന്നുണ്ട് തുടങ്ങിയ കണക്കുകള് പുറത്തുവിടണം.
ഉദ്യോഗാര്ത്ഥികള്ക്ക് നീതി എവിടെ?
എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില് പേര് രജിസ്റ്റര് ചെയ്ത ഉദ്യോഗാര്ത്ഥികള്ക്ക് അവസരങ്ങള് ലഭിക്കുന്നുണ്ടോ എന്നതാണ് ചോദ്യം. താത്കാലിക നിയമനങ്ങള്ക്ക് സ്വീകരിക്കുന്ന മാനദണ്ഡങ്ങളും കാലാവധി നീട്ടുന്നനടപടികളും തൊഴില് തേടുന്നവരോടുള്ള അനീതിയാണ്.
നിയമനങ്ങളില് സുതാര്യത ഉറപ്പാക്കുക, താല്ക്കാലിക ജീവനക്കാരുടെ തുടര്സേവനം പരിശോധിക്കുക, രാഷ്ട്രീയ ഇടപെടലുകള് ഒഴിവാക്കുക, എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയുള്ള നിയമനങ്ങളുടെ നടപടിക്രമങ്ങള് പരസ്യമാക്കുക എന്നിവയാണ് പ്രധാന ആവശ്യങ്ങള്.
















