തിരുവനന്തപുരം: നിയമന ക്രമക്കേടുമായി ബന്ധപ്പെട്ട് പിഎസ്‌സി ചെയര്‍മാനെതിരെ ലഭിച്ച പരാതികളിലും അന്വേഷണം നടത്താന്‍ ക്രൈബ്രാഞ്ച് സംഘം. ചെയര്‍മാനെതിരെ നിരവധി പരാതികളാണ് ലഭിച്ചിരിക്കുന്നത്. പരീക്ഷാ ക്രമക്കേടില്‍ പിഎസ്‌സി ആസ്ഥാനത്ത് വിപുലമായ പരിശോധനയാണ് സൈബര്‍ സാങ്കേതിക വിദഗ്ധര്‍ ഉള്‍പ്പെടെ 20 പേരടങ്ങുന്ന ക്രൈംബ്രാഞ്ച് സംഘം നടത്തുന്നത്.
ആസൂത്രണ ബോര്‍ഡ് ചീഫ് തസ്തികയിലേക്കു നടന്ന പരീക്ഷയ്‌ക്ക് ഓണ്‍സ്‌ക്രീന്‍ മാര്‍ക്കിടാന്‍ ഉപയോഗിച്ച കംപ്യൂട്ടറുകളും ഓണ്‍ലൈന്‍ രേഖകളും ഉത്തരക്കടലാസുകള്‍ അയച്ചുകൊടുക്കുന്ന രീതികളും ഉള്‍പ്പെടെ പരിശോധിക്കുന്നുണ്ട്. ഈ ആഴ്ചയില്‍ പരമാവധി തെളിവുകള്‍ ശേഖരിക്കുകയാണ് സംഘത്തിന്റെ ലക്ഷ്യം.
ആസൂത്രണ ബോര്‍ഡ് ചീഫ് തസ്തികയിലേക്കുള്ള പരീക്ഷയില്‍ 10 ചോദ്യങ്ങള്‍ മൂല്യനിര്‍ണയം നടത്താതിരുന്നതില്‍ ക്രൈംബ്രാഞ്ച് കേസെടുത്തിരുന്നു. ഇതില്‍ ഉദ്യോഗസ്ഥരുടെ പേരെടുത്തു പറഞ്ഞിരുന്നില്ല.
തെളിവുകള്‍ ശേഖരിച്ച ശേഷം പ്രതികളുടെ പേര് ഉള്‍പ്പെടെ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കാനാണ് സംഘം ശ്രമിക്കുന്നത്. ഇതിനു പുറമേ മറ്റു പരാതികളില്‍ കേസെടുക്കുന്ന കാര്യവും പരിഗണിക്കുന്നുണ്ട്.
















