ജ്യേഷ്ഠന്റെ പ്രവൃത്തികളൊക്കെയും നാശകാരകമാണെന്ന് കുംഭകര്‍ണനറിയാം. അതു നേരില്‍പറയാന്‍ അയാള്‍ക്കു മടിയുമില്ല. ദീര്‍ഘകാലം നീളേണ്ട ഉറക്കമുപേക്ഷിച്ച് കുംഭകര്‍ണന്‍ എത്തുമ്പോള്‍, രാക്ഷസവീരര്‍ രാവണന്റെ യുദ്ധവീര്യം ഉണര്‍ത്താനുള്ള ശ്രമത്തിലാണ്. നിലപാടുകളോടു വിയോജിപ്പാണെങ്കിലും ജ്യേഷ്ഠനൊപ്പം നില്‍ക്കുകയേ നിവൃത്തിയുള്ളൂ സ്നേഹബന്ധിതനായ കുംഭകര്‍ണന് .
രാവണപുത്രന്‍ ഇന്ദ്രജിത്താകട്ടെ, അനുമതി കിട്ടിയാല്‍ രാമനെയും വാനരരെയും ഒടുക്കാമെന്ന നിശ്ചയദാര്‍ഢ്യത്തിലാണ്. ഈ രണ്ടുപേരുടെ മരണവൃത്താന്തത്തിലാണ് രാവണന്‍ പിന്നീട് മോഹാലസ്യപ്പെട്ടുപോകുന്നത്.
രാവണസഭയില്‍ വിവേകത്തിന്റെ ശബ്ദമായി മറ്റൊരു സോദരനും ഉണ്ടായിരുന്നല്ലോ; സത്യധര്‍മങ്ങളുടെ പാതയില്‍ നിന്നു വ്യതിചലിക്കാത്ത വിഭീഷണന്‍.
‘രാമന്‍ ആരെന്നറിയണം, വംശം മുടിച്ചുകളയാതെ ദേവിയെ തിരികെ നല്‍കണം’ എന്നു പറഞ്ഞതിന് ജീവന്‍ വേണമെങ്കില്‍ സ്ഥലംവിട്ടുകൊള്‍ക എന്ന് ആട്ടിപ്പായിക്കപ്പെടുകയായിരുന്നു ആ അനുജന്‍.
ശ്രീരാമദേവനൊപ്പം ചേരുന്നതില്‍ ആഹ്ലാദമേയുള്ളൂ വിഭീഷണന്.
















