ന്യൂദല്‍ഹി: ക്ഷീര കര്‍ഷകര്‍ക്ക് സഹായത്തിനായി ‘പശുധന്‍ ബീമ പോര്‍ട്ടല്‍’ (Pashudhan Bima Portal) പുറത്തിറക്കി കേന്ദ്ര സര്‍ക്കാര്‍. മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പിന്റെ ‘ലൈവ്സ്റ്റോക്ക് ഇന്‍ഷുറന്‍സ് സ്‌കീമി’ന് (മൃഗങ്ങളുടെ ഇന്‍ഷുറന്‍സ് പദ്ധതി) കീഴില്‍ വരുന്ന മൃഗങ്ങള്‍ക്കായി പോളിസി വിതരണം, ക്ലെയിം നടപടികള്‍, നിരീക്ഷണം, റിപ്പോര്‍ട്ടിംഗ് എന്നിവ കാര്യക്ഷമമാക്കുന്നതിനും ഇന്‍ഷുറന്‍സ് സേവനങ്ങള്‍ക്കായി ഏകീകൃത ഡിജിറ്റല്‍ പ്ലാറ്റ്ഫോം ഒരുക്കുന്നതിനും ഈ പോര്‍ട്ടല്‍ സഹായിക്കും.
മൃഗസംരക്ഷണ മേഖലയിലെ കര്‍ഷകര്‍ക്ക് മികച്ച സുരക്ഷ ഉറപ്പാക്കുന്നതിനും അവരുടെ ഉപജീവനമാര്‍ഗം സുസ്ഥിരമാക്കുന്നതിനും പോര്‍ട്ടല്‍ ഫലപ്രദമാണ്.ഒപ്പം, ഇന്‍ഷുറന്‍സ് സേവനങ്ങള്‍ കൂടുതല്‍ സുതാര്യവും കാര്യക്ഷമവും എളുപ്പത്തില്‍ ലഭ്യമാകുന്നതും സാങ്കേതികവിദ്യ അധിഷ്ഠിതവുമാക്കുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യമെന്ന് ചടങ്ങില്‍ സംസാരിക്കവെ, കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീരവികസന മന്ത്രി രാജീവ് രഞ്ജന്‍ സിംഗ് വ്യക്തമാക്കി.
രാജ്യത്തുടനീളം മികച്ച സേവനം ലഭ്യമാക്കുന്നതിന് സഹായിക്കുന്ന വിധത്തില്‍, മൃഗങ്ങളുടെ ഇന്‍ഷുറന്‍സ് പദ്ധതികളുടെ ഏകോപനം, തത്സമയ നിരീക്ഷണം, വിവരങ്ങള്‍ അടിസ്ഥാനമാക്കിയുള്ള നടത്തിപ്പ് എന്നിവയ്‌ക്ക് ‘പശുധന്‍ ബീമ പോര്‍ട്ടല്‍’ വഴിയൊരുക്കും. കര്‍ഷകരുടെ ഉപജീവനമാര്‍ഗ്ഗം സംരക്ഷിക്കുന്നതിനും, കര്‍ഷകരുടെ വരുമാനം വര്‍ദ്ധിപ്പിക്കുക, കാര്‍ഷിക-മൃഗസമ്പത്ത് സംരക്ഷിക്കുക, സാങ്കേതികവിദ്യയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക എന്നിങ്ങനെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാഴ്ചപ്പാട് സാക്ഷാത്കരിക്കുന്നതിനുമുള്ള സുപ്രധാന ചുവടുവെപ്പാണ് ഈ പോര്‍ട്ടലെന്ന് മന്ത്രി രാജീവ് രഞ്ജന്‍ സിംഗ് പറഞ്ഞു. ഈ പോര്‍ട്ടലിലൂടെ കര്‍ഷകര്‍ക്ക് ഇന്‍ഷുറന്‍സ് അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാന്‍ സാധിക്കും. മുഴുവന്‍ നടപടിക്രമങ്ങളും ഡിജിറ്റലായി നിരീക്ഷിക്കപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഹിന്ദി, ഇംഗ്ലീഷ് ഭാഷകള്‍ക്ക് പുറമെ 11 പ്രാദേശിക ഭാഷകളിലും ഈ പോര്‍ട്ടല്‍ ലഭ്യമാകും; ഇതുവഴി കര്‍ഷകര്‍ക്ക് തങ്ങള്‍ക്ക് പരിചിതമായ ഭാഷകളില്‍ വിവരങ്ങളും സേവനങ്ങളും ലഭ്യമാക്കാന്‍ സാധിക്കും.
















