തിരുവനന്തപുരം: പിഎസ് സി പരീക്ഷാ ക്രമക്കേടില്‍ ആദ്യ കേസ് രജിസ്റ്റര്‍ ചെയ്ത് ക്രൈംബ്രാഞ്ച്.ആസൂത്രണ ബോര്‍ഡ് പരീക്ഷാ ക്രമക്കേടിലാണ് കേസ്.പിഎസ് സി ഉദ്യോഗസ്ഥരെ പ്രതിചേര്‍ത്താണ് എഫ്‌ഐആര്‍.എന്നാല്‍ ആരുടെയുടെയും പേരെടുത്ത് പറഞ്ഞിട്ടില്ല.
ആസൂത്രണ ബോര്‍ഡിലെ നിയമനങ്ങളുമായി ബന്ധപ്പെട്ട രേഖകള്‍ ക്രൈംബ്രാഞ്ചിന് പി എസ് സി കൈമാറിയിരുന്നു. ചോദ്യ പേപ്പര്‍, ഉത്തര സൂചിക, അഭിമുഖത്തിന് ക്ഷണിച്ച ഉദ്യോഗാര്‍ത്ഥികളുടെ വിവരങ്ങള്‍, മാര്‍ക്ക് ഷീറ്റ് അടക്കമുള്ള രേഖകളാണ് ക്രൈംബ്രാഞ്ചിന്റെ ആവശ്യപ്രകാരം കൈമാറിയത്.
ആസൂത്രണ ബോര്‍ഡിലേക്കുള്ള പിഎസ്സി പരീക്ഷ ക്രമക്കേടില്‍ ഗുരുതര കണ്ടെത്തലാണ് ആഭ്യന്തര വിജിലന്‍സിന്റെ റിപ്പോര്‍ട്ടിലുള്ളത്. ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പരീക്ഷാ തട്ടിപ്പുമായി ബന്ധമുണ്ടെന്നും വിശദമായ അന്വേഷണം വേണമെന്നും റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്യുന്നു.
പരീക്ഷ വിഭാഗത്തിലെ ഉന്നത ഉദ്യോഗസ്ഥരാണ് ക്രമക്കേട് നടത്തിയതെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. ഉന്നത ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച സംഭവിച്ചെന്നും വിശദമായി അന്വേഷണം വേണമെന്നുമുളള ശിപാര്‍ശയാണ് ആഭ്യന്തര വിജിലന്‍സിനും ക്രൈംബ്രാഞ്ചിനും ഉള്ളത്. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തുള്ള അന്വേഷണം ആരംഭിക്കുന്നതോടെ കൂടുതല്‍ ശാസ്ത്രീയ പരിശോധനകള്‍ നടത്തുകയും ഉന്നത ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി ചോദ്യം ചെയ്യുകയും ചെയ്യും.
ആസൂത്രണ ബോര്‍ഡിലെ നിയമനതട്ടിപ്പിനായി 10 ചോദ്യങ്ങള്‍ ഒഴിവാക്കി മൂല്യ നിര്‍ണയം നടത്തുകയായിരുന്നു. ഇങ്ങനെ ഒന്നാം റാങ്ക് കിട്ടിയത് ഇടത് സംഘടനാ നേതാവിന് ആയിരുന്നു.
















