കൊട്ടാരക്കര: ശബരിമല തീർഥാടനം കഴിഞ്ഞ് മടങ്ങുകയായിരുന്ന കുടുംബത്തിന് നേരെ തൃക്കണ്ണമംഗലിൽ ആക്രമണം. സ്ത്രീകളും കുട്ടികളും ഉൾപ്പെട്ട കുടുംബത്തെ മർദിച്ച സംഘം, നിലവിളി കേട്ട് രക്ഷിക്കാനെത്തിയവരെയും ആക്രമിച്ചു. സംഭവത്തിൽ തിരിച്ചറിഞ്ഞ നാലുപേരെ കൊട്ടാരക്കര പോലീസ് അറസ്റ്റ് ചെയ്തു. നീലേശ്വരം ചന്ദ്രവിലാസത്തിൽ ശരത് ചന്ദ്രൻ (39), കൊട്ടാരക്കര പുലമൺ പള്ളിവടക്കേതിൽ ഷിബിൻ (22), തൃക്കണ്ണമംഗൽ ഐക്യമത്ത് വീട്ടിൽ പ്രണവ് (30), സഹോദരൻ പ്രവീൺ (34) എന്നിവരാണ് അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
തിങ്കളാഴ്ച രാത്രി എട്ടോടെയായിരുന്നു സംഭവം. ശബരിമല തീർഥാടനം കഴിഞ്ഞ് മടങ്ങുകയായിരുന്ന നെല്ലിക്കുന്നം കാക്കത്താനം ശ്യാംഭവനിൽ ശരത്തിനും കുടുംബത്തിനുമാണ് ആക്രമണമേറ്റത്. ശരത്തിന്റെ ഭാര്യ, രണ്ടുവയസ്സുള്ള മകൻ, അമ്മയുടെ സഹോദരന്റെ മക്കളായ രണ്ടുപേർ, ഭാര്യാമാതാവ്, അമ്മൂമ്മ എന്നിവരും വാഹനത്തിലുണ്ടായിരുന്നു.
നെല്ലിക്കുന്നത്ത് വെച്ച് കുടുംബം സഞ്ചരിച്ചിരുന്ന വാഹനത്തിൽ പ്രതികൾ സഞ്ചരിച്ചിരുന്ന ബൊലേറോ ഇടിച്ചതിനെത്തുടർന്നാണ് തർക്കമുണ്ടായത്. അപകടത്തിനുശേഷം വാഹനം നിർത്താതെ പോയതിനെ ചോദ്യം ചെയ്തതോടെ പ്രതികൾ ആക്രമണം അഴിച്ചുവിടുകയായിരുന്നുവെന്നാണ് പരാതി. സംഘർഷത്തിനിടെ കുടുംബത്തിന്റെ നിലവിളി കേട്ട് തടയാനെത്തിയവർക്കും മർദനമേറ്റു. ഇതുവഴി പിക്കപ്പ് വാഹനത്തിലെത്തിയവർ പ്രശ്നത്തിൽ ഇടപെട്ടപ്പോഴാണ് അവർക്കും പരിക്കേറ്റത്. പരിക്കേറ്റവരെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പ്രതികൾ മുൻപും സമാനമായ രീതിയിൽ വാഹനങ്ങളിൽ സഞ്ചരിക്കുന്നവർക്കും യാത്രക്കാർക്കും നേരെ ആക്രമണം നടത്തിയിട്ടുണ്ടെന്ന് നാട്ടുകാർ ആരോപിച്ചു. കൊട്ടാരക്കര സർക്കിൾ ഇൻസ്പെക്ടർ വി. ഗംഗാപ്രസാദ്, എസ്‌എച്ച്‌ഒ ഹേമന്ത് മോഹൻ, എസ്‌ഐ അഭിജിത്ത്, എഎസ്‌ഐ അജു, സിവിൽ പോലീസ് ഓഫീസർമാരായ മനു കൃഷ്ണൻ, പ്രകാശ് കൃഷ്ണൻ, ബിപിൻ ഹെൻട്രി, ഉല്ലാസ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
അതേസമയം, ശബരിമല തീർഥാടകർക്ക് നേരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ച് സംഘപരിവാർ സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി.
















