കൊല്ലം: കേരളത്തിന് അനുവദിച്ച ആദ്യ വിസ്റ്റാഡോം കോച്ച് ഘടിപ്പിച്ച മധുര–ഗുരുവായൂർ എക്സ്പ്രസിന്റെ സർവീസ് ഇന്ന് ആരംഭിക്കും. കൊല്ലം–ചെങ്കോട്ട റെയിൽപാതയിലൂടെ സഞ്ചരിക്കുന്ന ട്രെയിൻ യാത്രക്കാർക്ക് പശ്ചിമഘട്ടത്തിന്റെ പ്രകൃതിഭംഗി ആസ്വദിക്കാൻ അവസരമൊരുക്കുന്ന തരത്തിലാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്.
വിസ്റ്റാഡോം കോച്ച് ഘടിപ്പിച്ച 16327-ാം നമ്പർ മധുര–ഗുരുവായൂർ എക്സ്പ്രസ് രാവിലെ 11.35ന് മധുര ജംഗ്ഷനിൽനിന്ന് പുറപ്പെടും. കേരള അതിർത്തിയായ ചെങ്കോട്ടയിൽ ഉച്ചയ്‌ക്ക് 2.30ന് എത്തുന്ന ട്രെയിൻ 2.45ന് അവിടെനിന്ന് യാത്ര തുടരും.
ഭഗവതിപുരം, ആര്യങ്കാവ്, ന്യൂ ആര്യങ്കാവ്, ഇടപ്പാളയം, കഴുതുരുട്ടി, തെന്മല, ഒറ്റയ്‌ക്കൽ, ഇടമൺ, പുനലൂർ, ആവണീശ്വരം, കുരി, കൊട്ടാരക്കര, എഴുകോൺ, കുണ്ടറ ഈസ്റ്റ്, കുണ്ടറ, ചന്ദനത്തോപ്പ്, കിളികൊല്ലൂർ എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് വൈകിട്ട് 7.35ന് കൊല്ലത്തെത്തും.
ചെങ്കോട്ടയിലും പുനലൂരിലും അഞ്ചു മിനിറ്റും കൊല്ലത്ത് പത്തു മിനിറ്റുമാണ് ട്രെയിനിന്റെ സ്റ്റോപ്പ്. മറ്റ് സ്റ്റേഷനുകളിൽ ഒരു മിനിറ്റ് വീതം നിർത്തും. യാത്രക്കാർക്ക് വിവിധ പ്രദേശങ്ങളിലെ പ്രകൃതിഭംഗി ആസ്വദിക്കാൻ കഴിയുന്നവിധം പരമാവധി സ്റ്റേഷനുകളിൽ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.
വിനോദസഞ്ചാര മേഖലയ്‌ക്ക് നേട്ടം
ഗ്ലാസ് ജനാലകളിലൂടെ മലനിരകളുടെയും പച്ചപ്പുനിറഞ്ഞ താഴ്‌വരകളുടെയും മനോഹരമായ കാഴ്ചകൾ ആസ്വദിക്കാൻ കഴിയുന്നതാണ് വിസ്റ്റാഡോം കോച്ചിന്റെ പ്രത്യേകത. ചെങ്കോട്ട–പുനലൂർ പാതയിലെ പ്രകൃതിരമണീയമായ പ്രദേശങ്ങൾ സന്ദർശിക്കുന്ന വിനോദസഞ്ചാരികൾക്ക് ഈ യാത്ര പുതിയ അനുഭവമാകും.
കോച്ച് അനുവദിച്ച ഇന്ത്യൻ റെയിൽവേയുടെ നടപടിയെ സ്വാഗതം ചെയ്യുന്നതായി എൻ.കെ. പ്രേമചന്ദ്രൻ എംപി അറിയിച്ചു. സർവീസ് വിനോദസഞ്ചാരികൾക്കൊപ്പം പ്രദേശവാസികൾക്കും പ്രയോജനപ്പെടുമെന്നാണ് പ്രതീക്ഷ. കൊല്ലം–ചെങ്കോട്ട റെയിൽപാതയുടെ വിനോദസഞ്ചാര സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനും ഈ നടപടി സഹായകമാകും.











