വാഷിംഗ്ടണ്‍:ഫുട്ബോൾ ആരാധകർ സാധാരണയായി സ്റ്റേഡിയത്തില്‍ സ്വന്തം ടീമിന് വേണ്ടി കൂക്കിവിളിക്കുകയാണല്ലോ പതിവ്. എന്നാല്‍ സാധാരണ ആരാധകരില്‍ നിന്നും വ്യത്യസ്തരായി ജപ്പാനിലെ ഫുട്ബാള്‍ ആരാധകര്‍ ഫുട്ബാള്‍ സ്റ്റേഡിയത്തില്‍ എത്തുന്നത് മാലിന്യ സഞ്ചികളുമായാണ്.
2026 ഫിഫ ലോകകപ്പ് കാണുമ്പോൾ, സ്റ്റേഡിയത്തില്‍ നീല മാലിന്യ സഞ്ചികളുമായി ഇരിക്കുന്ന ജാപ്പനീസ് ആരാധകരുടെ ചിത്രങ്ങൾ വീണ്ടും ലോകത്തിന്റെ ശ്രദ്ധ ആകര്‍ഷിക്കുകയാണ്. ആദ്യമായി കാണുന്ന പലരെയും ഇത് അലോസരപ്പെടുത്തിയേക്കാം. പക്ഷെ ശരിക്കുപറഞ്ഞാല്‍, ലോകമാകെ വാഴ്‌ത്തുന്ന ജാപ്പനീസ് കായിക സംസ്കാരത്തിന്റെ മഹത്തായ പാരമ്പര്യത്തിന്റെ ഭാഗമാണിത്.
പതിറ്റാണ്ടുകൾക്ക് മുമ്പ് ആരംഭിച്ച ഒരു ലോകകപ്പ് പാരമ്പര്യം
കഴിഞ്ഞ ദിവസം ടെക്സസിലെ ആർലിംഗ്ടണിൽ നെതർലാൻഡ്‌സിനെതിരെ ജപ്പാൻ 2-2 ന് സമനില പിടിച്ചിരുന്നു. കളിയുടെ ഫൈനൽ വിസിൽ മുഴങ്ങിയതിനുശേഷം ജപ്പാനിലെ ആരാധകർ എന്താണ് ചെയ്തതെന്നോ? അവര്‍ ഇരുന്നിരുന്ന കസേരകള്‍ക്ക് ചുറ്റുമുള്ള സ്റ്റാന്‍ഡുകള്‍ വൃത്തിയാക്കാൻ തുടങ്ങി.
കയ്യിലെ നീലസഞ്ചിയില്‍ അവര്‍ സ്റ്റേഡിയത്തിലെ കാണികള്‍ ഉപേക്ഷിച്ച കപ്പുകളും റാപ്പറുകളും മറ്റ് മാലിന്യങ്ങളും ശേഖരിക്കാന്‍ തുടങ്ങി. .
ജപ്പാന്‍കാരുടെ ഈ ശീലം തുടങ്ങിയത് 1998 മുതല്‍
ഫിഫ ലോകകപ്പ് ഫുട്ബാള്‍ മത്സരം ആരംഭിച്ചത് 1998 ൽ ഫ്രാൻസിൽ ആണ്. അന്നു മുതലേ ജാപ്പനീസ് ആരാധകർ മാലിന്യമിടാനുള്ള നീല സഞ്ചിയുമായി വന്ന് കളിക്ക് ശേഷം സ്റ്റേഡിയം വൃത്തിയാക്കുന്ന ശീലം പിന്തുടരുന്നുണ്ട്. വർഷങ്ങളായി, വിവിധ അന്താരാഷ്‌ട്ര കായിക മത്സരങ്ങളിൽ ജപ്പാനിലെ ആരാധകര്‍ ഈ സംസ്കാരം പിന്തുടരുന്നു.
ശുചിത്വം മാറ്റിനിർത്തിയാൽ
ജപ്പാന്റെ ഈ പ്രവൃത്തി ആഴമേറിയ സാംസ്കാരിക മൂല്യങ്ങളെ പ്രതിഫലിപ്പിക്കുന്നുവെന്ന് പലരും വാദിക്കുന്നു. ഇത് ജപ്പാന്റെ സംസ്കാരമാണ്. ക്ലാസ് മുറികളും മറ്റ് പൊതു ഇടങ്ങളിലും ജപ്പാന്‍കാര്‍ ഈ സംസ്കാരം പാലിക്കുന്നു. പൊതുസ്ഥലങ്ങൾ വൃത്തിയുള്ളതാക്കി വെയ്‌ക്കേണ്ടത് മറ്റേതെങ്കിലും ആളുടെ ജോലിയല്ല, മറിച്ച് എല്ലാവരുടേയും ഉത്തരവാദിത്തമാണെന്ന് ജപ്പാന്‍കാര്‍ വിശ്വസിക്കുന്നു. ഈ ശീലമാണ് അവര്‍ ലോകകപ്പ് ഫുട്ബാള്‍ വേദിയിലേക്കും വ്യാപിപ്പിച്ചിരിക്കുന്നത്. അവിടെ ജപ്പാനിലെ ഫുട്ബാള്‍ ആരാധകർ അവര്‍ കളികാണാന്‍ എത്തിയ സ്റ്റേഡിയം അവര്‍ വരുമ്പോഴുള്ളതിനേക്കാള്‍ വൃത്തിയാക്കി വെയ്‌ക്കണമെന്ന് ആഗ്രഹിക്കുന്നു.
നീല ബാഗുകൾക്ക് ഇരട്ട ഉദ്ദേശ്യമുണ്ട്
രസകരമെന്നു പറയട്ടെ, നീല മാലിന്യ ബാഗുകൾ വൃത്തിയാക്കാൻ മാത്രമല്ല ഉപയോഗിക്കുന്നത്.
ജാപ്പനീസ് ആരാധകർ പലപ്പോഴും മത്സരങ്ങൾക്കിടയിൽ അവരുടെ ടീമിനെ പ്രോത്സാഹിപ്പിക്കാൻ അവ ഉറക്കെ അന്തരീക്ഷത്തില്‍ വീശും. പക്ഷെ കളി കഴിഞ്ഞാൽ, സ്റ്റാൻഡുകളിൽ നിന്ന് മാലിന്യം ശേഖരിക്കാൻ ഉപയോഗിക്കുന്ന ബാഗുകളായി അവ മാറുന്നുവെന്ന് മാത്രം.
ഇന്‍റർനെറ്റില്‍ ജപ്പാന്‍കാരുടെ ഈ ശീലം വൈറല്‍
ജപ്പാനീസ് ആരാധകര്‍ സ്റ്റേഡിയം വൃത്തിയാക്കുന്ന ദൃശ്യങ്ങൾ ഉടൻ തന്നെ ഓൺലൈനിൽ പ്രചരിച്ചു, ആരാധകർ പ്രകടിപ്പിച്ച അച്ചടക്കത്തെയും പൗര ഉത്തരവാദിത്തബോധത്തെയും പലരും അഭിനന്ദിച്ചു.
പൊതു സ്വത്തിനോടും സ്റ്റേഡിയത്തിൽ ജോലി ചെയ്യുന്ന ജീവനക്കാരോടും ഉള്ള ബഹുമാനത്തിന്റെ ഒരു ഉദാഹരണമായിട്ടാണ് പലരും ഇതിനെ കണ്ടത്.
അവരെ സംബന്ധിച്ചിടത്തോളം, ഒരു മാലിന്യ സഞ്ചി കൊണ്ടുപോകുന്നത് ഒരു വിചിത്രശീലമല്ല. അത് ഒരു നല്ല അതിഥിയാകുന്നതിന്റെ ലക്ഷണമാണ്.
















