കോഴിക്കോട് ; തൊട്ടില്പാലത്ത് നിന്നും കാണാതായ മൊയിലോത്തറ സര്ക്കാര് എല്പി സ്കൂള് അധ്യാപിക കെ.അനുമോളെ മാതാപിതാക്കള്ക്കും ഭര്ത്താവിനും കുട്ടികള്ക്കുമൊപ്പം വിട്ടയച്ചു. കുടുംബത്തോടൊപ്പം പോകാനാണു താല്പര്യമെന്നു അറിയിച്ചതിനെ തുടര്ന്നാണിത് .ഇന്ന് രാവിലെ കല്ലാച്ചി മജിസ്ട്രേറ്റ് കോടതിയിലാണ് അനുമോളെ ഹാജരാക്കിയത്.
കാണാതായി 12–ാം ദിവസം പാലക്കാട് കസബ പൊലീസ് സ്റ്റേഷന് പരിധിയില് നിന്നുമാണ് അനുമോളെയും ഒപ്പമുണ്ടായിരുന്ന അബ്ദുള് സമദിനെയും പൊലീസ് കണ്ടെത്തിയത്. അനുമോളെയും സമദിനെയും കാണാതായെന്ന വിവരം പുറത്തുവന്നതിനു പിറകെ സമദിന്റെ കുടുംബം വടകര പൊലീസില് പരാതി നല്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില് ഇയാളെ കാണാനില്ലെന്നു കാണിച്ചു പൊലീസ് കേസെടുത്തിരുന്നു.
ഈ കേസില് ഹാജരാക്കുന്നതിനായി സമദിനെ വടകര കോടതിയിലും അനുമോളെ കല്ലാച്ചി കോടതിയിലും ഒരേ സമയം ഹാജരാക്കുകയായിരുന്നു. ഇരുവരും ഒരു കോടതിയില് ഹാജരായി ഒന്നിച്ചു പോകാനാണു തീരുമാനമെന്നു പറയുന്ന സാഹചര്യം ഇതോടെ ഒഴിവാക്കി.അനുമോളുടെ പ്രായമായ അച്ഛന്, അമ്മ, ഭര്ത്താവ്, മക്കള് എന്നിവരെയും കല്ലാച്ചി കോടതിയിലെത്തി. തുടര്ന്നാണ് കുടുംബത്തോടൊപ്പം പോകാനാണു താല്പര്യമെന്ന് അനുമോള് അറിയിച്ചത്. സമദിനെ വടകര കോടതിയും കുടുംബത്തോടൊപ്പം വിട്ടയച്ചു.
മക്കളെ ഉപേക്ഷിച്ചതിനു ജുവൈനല് ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുക്കാന് പൊലീസ് നേരത്തെ നീക്കം നടത്തിയിരുന്നു. പതിനഞ്ചും പത്തും വയസുള്ള മക്കളുടെ മൊഴിയും വിശദമായി രേഖപെടുത്തി. പിന്നീട് ഈ തീരുമാനത്തില് നിന്നും പൊലീസ് പിറകോട്ടുപോയി. കുട്ടികളെ ഉപേക്ഷിച്ചതിന് കേസെടുത്താല് ഇരുവരെയും ജയിലില് അടക്കേണ്ട സാഹചര്യം വരും.
ഇതോടെ സര്ക്കാര് ജോലിയില് നിന്നും സസ്പെന്ഡ് ചെയ്യും. കൂടുതല് അച്ചടക്ക നടപടിയും ഉണ്ടാകും. കഴിഞ്ഞതെല്ലാം മറന്നു സ്വീകരിക്കാമെന്നു കുടുംബം നിലപാട് എടുത്തതോടെ പൊലീസ് കടുത്ത വകുപ്പ് ചുമത്തുന്നത് ഒഴിവാക്കുകയായിരുന്നു
















