തിരുവനന്തപുരം: മുണ്ടും നേര്യതും ഉടുത്ത് ശ്രീപത്മനാഭ സ്വാമി ക്ഷേത്ര ദര്‍ശനം നടത്തി പി. സിന്ധു. തിരുവനന്തപുരം ജിമ്മി ജോര്‍ജ്ജ് സ്റ്റേഡിയത്തില്‍ വച്ചു നടക്കുന്ന ആദരിക്കല്‍ ചടങ്ങില്‍ പങ്കെടുക്കുന്നതിനായാണ് സിന്ധു തലസ്ഥാനത്ത് എത്തിയത്. അതിനോടനുബന്ധിച്ചാണ് ക്ഷേത്ര ദര്‍ശനം.
രാവിലെ ശ്രീ പത്മനാഭ ക്ഷേത്രത്തിലെത്തി ദര്‍ശനം നടത്തിയ സിന്ധു ആറ്റുകാല്‍ ക്ഷേത്രവും സന്ദര്‍ശിച്ചു. അമ്മ പി. വിജയയും കൂടെയുണ്ടായിരുന്നു. ചൊവ്വാഴ്‌ച്ച രാത്രി ഒമ്പത് മണിക്കാണ് ഹൈദരാബാദില്‍ നിന്ന് സിന്ധു കേരളത്തിലെത്തിയത്.
വഴുതക്കാട് എംപി അയ്യപ്പന്‍ റോഡിലെ ഒളിമ്പിക് ഭവനിലും സിന്ധു സന്ദര്‍ശനം നടത്തും. അതിനുശേഷം വൈകിട്ട് കായിക താരങ്ങളും ഘോഷയാത്രയായാണ് സിന്ധുവിനെ ജിമ്മി ജോര്‍ജ് സ്‌റ്റേഡിയത്തിലേക്ക് ആനയിക്കുക.
ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ 10 ലക്ഷം രൂപയുടെ ചെക്കും ഉപഹാരവും സമ്മാനിക്കും. ഒളിമ്പിക്സില്‍ വെള്ളിമെഡല്‍ നേടിയതിന് ശേഷം സംസ്ഥാനത്ത് സംഘടിപ്പിച്ച സ്വീകരണത്തില്‍ പങ്കെടുക്കാനായി സിന്ധു എത്തിയിരുന്നു. അതിനുശേഷം ചൊവ്വാഴ്‌ച്ചയാണ് കേരളത്തില്‍ എത്തുന്നത്.
















