ന്യൂദല്‍ഹി : ദേശീയപാര്‍ട്ടി പദവി നഷ്ടമാക്കരുതെന്ന് തെരഞ്ഞെടുപ്പ് കമ്മിഷനോട് അഭ്യര്‍ത്ഥിച്ച് സിപിഐയും തൃണമൂല്‍ കോണ്‍ഗ്രസും. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഈ പാര്‍ട്ടികളുടെ മോശം പ്രകടനത്തിന്റെ പശ്ചാത്തലത്തില്‍ പദവി നഷ്ടപ്പെടാതിരിക്കാന്‍ കാരണം ബോധിപ്പിക്കാന്‍ കമ്മിഷന്‍ നോട്ടീസയച്ചിരുന്നു. ഇതിന് നല്‍കിയ മറുപടിയിലാണ് ദേശീയ പാര്‍ട്ടി പദവി കളയരുതെന്ന് അഭ്യര്‍ത്ഥിച്ചിരിക്കുന്നത്.
കുറഞ്ഞത് നാലു സംസ്ഥാനങ്ങളില്‍ ആറു ശതമാനം വോട്ടോ ലോക്സഭയില്‍ രണ്ടു ശതമാനം സീറ്റോ എന്നാണ് ദേശീയപാര്‍ട്ടി പദവിക്കായി കമ്മിഷന്‍ നിശ്ചയിച്ചിട്ടുള്ള വ്യവസ്ഥ. ഇല്ലെങ്കില്‍ നാലു സംസ്ഥാനങ്ങളിലെങ്കിലും സംസ്ഥാന പാര്‍ട്ടി പദവിയുണ്ടായിരിക്കണം.
രാജ്യത്തെ ഏറ്റവും പാരമ്പര്യമുള്ള പാര്‍ട്ടിയാണ് തങ്ങളുടേതെന്നും, എല്ലാ സംസ്ഥാനങ്ങളിലും തങ്ങള്‍ക്കു സാന്നിധ്യമുണ്ടെന്നും സിപിഐ തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചിട്ടുണ്ട്. ചുരുങ്ങിയതു നാലു സംസ്ഥാനങ്ങളില്‍ നിന്നായി ആറു ശതമാനം വോട്ടു നേടിയിരിക്കണമെന്ന വ്യവസ്ഥ ബാധകമല്ലെങ്കിലും മൂന്നു സംസ്ഥാനങ്ങളില്‍ അതുണ്ടെന്നുമാണ് സിപിഐ വാദിക്കുന്നത്. ഇതെല്ലാം തെരഞ്ഞെടുപ്പ് കമ്മിഷന്‍ പരിഗണിക്കുമെന്നാണ് പ്രതീക്ഷയെന്ന് സിപിഐ ജനറല്‍ സെക്രട്ടറി ഡി. രാജ പ്രതികരിച്ചു.
എന്നാല്‍ 2016ല്‍ മാത്രമേ തങ്ങള്‍ക്ക് ദേശീയപാര്‍ട്ടി പദവി നല്‍കിയിട്ടുള്ളൂ അതിനാല്‍ അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പു വരെ പദവി തുടരാന്‍ അനുവദിക്കണമെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് അറിയിച്ചിരിക്കുന്നത്. ഒരു തെരഞ്ഞെടുപ്പിനു പകരം, രണ്ടു പൊതു തെരഞ്ഞെടുപ്പുകളിലെ കാലയളവുകള്‍ പാര്‍ട്ടി പദവിക്കായി പരിഗണിക്കണമെന്നും തൃണമൂല്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം ദേശീയ പദവി നിലനിര്‍ത്താന്‍ എന്‍സിപിയും കമ്മിഷനു മുമ്പാകെ വിശദീകരണം നല്‍കിയെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. ഈ പാര്‍ട്ടികളുടെയെല്ലാം പദവി റദ്ദാക്കാന്‍ കമ്മിഷന്‍ തീരുമാനിച്ചാല്‍ ബിജെപി, കോണ്‍ഗ്രസ്, സിപിഎം, ബിഎസ്പി, നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി എന്നിവയ്‌ക്ക് മാത്രമാകും ദേശീയ പദവി.















