ന്യൂദല്‍ഹി: കശ്മീരിന് പ്രത്യേകാധികാരം നല്‍കുന്ന ഭരണഘടനയിലെ പ്രത്യേക വകുപ്പുകള്‍ റദ്ദാക്കിയ കേന്ദ്രസര്‍ക്കാരിന്റെ നടപടിയെ പിന്തുണച്ച് തെലുങ്ക് ദേശം പാര്‍ട്ടി അദ്ധ്യക്ഷന്‍ ചന്ദ്രബാബു നായിഡു. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ പിന്തുണക്കുന്നതായും അദ്ദേഹം പറഞ്ഞു.
ട്വിറ്ററിലൂടെയാണ് അദ്ദേഹം പിന്തുണ അറിയിച്ചത്. കശ്മീരിലെ ജനങ്ങളുടെ സമാധാനത്തിനും ക്ഷേമത്തിനും വേണ്ടി പ്രാര്‍ത്ഥിക്കുന്നതായി അദ്ദേഹം ട്വീറ്റ് ചെയ്തു.ബില്ലിനെ പിന്തുണക്കുന്നതായി വ്യക്തമാക്കി നിരവധി പേരാണ് രംഗത്തെത്തിയത്.
ജമ്മു കശ്മീരില്‍ കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തെ പിന്തുണയ്‌ക്കുന്നുവെന്നും സമാധാനവും വികസനവും കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും വ്യക്തമാക്കി ആംആദ്മി പാര്‍ട്ടി അദ്ധ്യക്ഷന്‍ അരവിന്ദ് കേജരിവാള്‍ ട്വീറ്റ് ചെയ്തിരുന്നു. ബിഎസ്പി അദ്ധ്യക്ഷ മായാവതിയും ബില്ലിനെ പിന്തുണക്കുമെന്ന് അറിയിച്ചു. ബില്ലിനെ സ്വാഗതം ചെയ്യുന്നതായി ബിഎസ്പി എംപി സതീഷ് ചന്ദ്ര മിശ്ര വ്യക്തമാക്കി.
ആണ്ണാഡിഎംകെ, വൈഎസ്ആര്‍ കോണ്‍ഗ്രസ്, ശിവസേന, ബിജെഡി എന്നീ പാര്‍ട്ടികളും ബില്ലിനെ അനുകൂലിക്കുന്നതായി അറിയിച്ചു. ബില്‍ ഇരു സഭകളും അംഗീകരിക്കുന്നതോടെ നിയമമാകും.
















