മൊഹാലി: ഐപിഎല്ലില്‍ ഇന്ന് രണ്ട് മത്സരങ്ങള്‍. ആദ്യ മത്സരത്തില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബ് കരുത്തരായ ചെന്നൈ സൂപ്പര്‍ കിങ്‌സിനെയും രണ്ടാം മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെയും നേരിടും. മൊഹാലിയില്‍ വൈകിട്ട് നാലിന് ആദ്യ കളി തുടങ്ങും. മുംബൈയുടെ തട്ടകമായ വാങ്കഡെയില്‍ രാത്രി എട്ടിനാണ് രണ്ടാം മത്സരം.
പഞ്ചാബിന് സീസണ്‍ വിജയത്തോടെ അവസാനിപ്പിക്കുകയാകും ലക്ഷ്യം. കഴിഞ്ഞ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനോട് ഏഴു വിക്കറ്റിന് തോറ്റാണ് പഞ്ചാബ് അവസാന മത്സരത്തിനെത്തുന്നത്. ഓപ്പണര്‍മാരായ ക്രിസ് ഗെയില്‍, കെ.എല്‍. രാഹുല്‍ എന്നിവര്‍ക്കൊപ്പം വിന്‍ഡീസ് താരം നിക്കോളാസ് പൂരന്‍, സാം കറന്‍ എന്നിവരും ഫോമിലേക്കെത്തിയതോടെ പ്രതീക്ഷയിലാണ് ടീം.
പോയിന്റ് പട്ടികയില്‍ ആദ്യ രണ്ട് സ്ഥാനം നിലനിര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാകും ചെന്നൈ അവസാന മത്സരത്തിനിറങ്ങുക. നായകന്‍ എം.എസ്. ധോണി, ഡു പ്ലെസിസ്, ഷെയ്ന്‍ വാട്‌സണ്‍, സുരേഷ് റെയ്‌ന, രവീന്ദ്ര ജഡേജ എന്നീ താരങ്ങളിലാണ് ചെന്നൈയുടെ പ്രതീക്ഷ. സ്പിന്നര്‍മാരായ ഹര്‍ഭജന്‍ സിങ്ങ്, ഇമ്രാന്‍ താഹിര്‍ എന്നിവരും ഫോമിലാണ്.
ആദ്യ രണ്ട് സ്ഥാനങ്ങള്‍ നോട്ടമിട്ടാണ് മുംബൈ അവസാന മത്സരത്തിനിറങ്ങുന്നത്. കഴിഞ്ഞ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ സൂപ്പര്‍ ഓവറില്‍ കീഴടക്കിയതിന്റെ ആത്മവിശ്വാസത്തിലാണ് മുംബൈ. നായകന്‍ രോഹിത് ശര്‍മ, ക്വിന്റണ്‍ ഡി കോക്ക്, ഹാര്‍ദിക് പാണ്ഡ്യ എന്നിവരുടെ ബാറ്റിലാകും മുംബൈ പ്രതീക്ഷയര്‍പ്പിക്കുക. മലിംഗ-ബുംറ സഖ്യം ഭേദപ്പെട്ട രീതിയില്‍ പന്തെറിയുന്നുണ്ട്.
കഴിഞ്ഞ മത്സരത്തില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനെ ഏഴു വിക്കറ്റിന് തകര്‍ത്തതിന്റെ ആത്മവിശ്വാസത്തിലാണ് കൊല്‍ക്കത്ത. യുവതാരം ഷുഭ്മാന്‍ ഗില്ലിന്റെ ബാറ്റിലാണ് ടീമിന്റെ പ്രതീക്ഷ. നായകന്‍ ദിനേശ് കാര്‍ത്തിക്, ക്രിസ് ലിന്‍, റോബിന്‍ ഉത്തപ്പ, എന്നിവര്‍ക്കൊപ്പം വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ആന്ദ്രെ റസലും ചേരുന്നതോടെ ബാറ്റിങ്ങ് ശക്തം.
















