പത്തനംതിട്ട: മണ്ഡലകാലം ആരംഭിക്കാന് കൃത്യം ഒരു മാസം മാത്രം ശേഷിച്ചിരിക്കെ ശര്ക്കര, വെളിച്ചെണ്ണ, നാളികേര ലേല നടപടികള് ഇഴയുന്നു. സാധാരണ സപ്തംബറില് പൂര്ത്തിയാകുന്ന നടപടികള് വൈകുന്നത് തീര്ത്ഥാടനത്തെ പ്രതികൂലമായി ബാധിച്ചേക്കാം.
അരവണ നിര്മാണത്തിന് 5000 ടണ് പൊടി ശര്ക്കര വിതരണം ചെയ്യാനുള്ള ടെന്ഡറില് മഹാരാഷ്ട്രയില് നിന്നുള്ള അന്നപൂര്ണ ഷുഗര് ആന്ഡ് ജാഗരി കമ്പനിയാണ് യോഗ്യത നേടിയത്. എന്നാല് ഈ കമ്പനി ശര്ക്കര കിലോയ്ക്ക് 46.86 രൂപയാണ് ആവശ്യപ്പെട്ടത്. വില കുറയ്ക്കാന് ദേവസ്വം ബോര്ഡ് ചര്ച്ച നടത്തിയെങ്കിലും പ്രയോജനമുണ്ടായിട്ടില്ല. നാളികേര കരാര് ലേലനടപടികള് നിലവില് ഇ- ടെന്ഡര് ഘട്ടത്തിലാണ്. ശബരിമല, പമ്പ, നിലയ്ക്കല് എന്നിവിടങ്ങളിലെ നാളികേരം ശേഖരിക്കുന്നതിനുള്ള ലേല നടപടികള് സാധാരണ സപ്തംബറില് പൂര്ത്തീകരിക്കുന്നതാണ്.
വാണിജ്യ കരാറുകള്ക്കും നാളികേര ലേലത്തിനും ഇ-ടെന്ഡറുകള് സമര്പ്പിക്കേണ്ട അവസാന തീയതി ഈ മാസം 5 ആയിരുന്നു. 15ന് മുമ്പ് ലേലത്തിന്റെ സാങ്കേതിക, സാമ്പത്തിക ബിഡ് വിലയിരുത്തലുകള് പൂര്ത്തിയാക്കുമെന്നായിരുന്നു പ്രഖ്യാപനം. പക്ഷേ നടപടി വൈകുകയാണ്. ശബരിമലയിലേക്ക് ആവശ്യമായ വെളിച്ചെണ്ണ വിതരണത്തിനുള്ള ഇ-ടെന്ഡര് സമര്പ്പിക്കാനുള്ള അവസാന തീയതി ഈ മാസം 14 വരെയായിരുന്നു. സപ്തംബറില് പൂര്ത്തിയാക്കേണ്ട കരാര് നടപടികള് ദേവസ്വം ബോര്ഡ് ജീവനക്കാര് തന്നെയാണ് അട്ടിമറിച്ചത്.
നാളികേരം, വിവിധ കടമുറികള്, ഭക്ഷണശാലകള് തുടങ്ങിയവയുമായി ബന്ധപ്പെട്ട ഇ-ലേല വിവരങ്ങള് ഹെഡ് ക്ലര്ക്കായ പി.ആര്. റെജിമോന് കരാറുകാര്ക്ക് ചോര്ത്തി നല്കിയതായി ദേവസ്വം വിജിലന്സ് കണ്ടെത്തിയിരുന്നു. ഇതേത്തുടര്ന്ന് സപ്തംബര് അവസാന വാരം നടക്കേണ്ട ലേല നടപടികള് റദ്ദാക്കുകയും കുറ്റക്കാരനായ ഹെഡ് ക്ലര്ക്കിനെ സസ്പെന്ഡ് ചെയ്യുകയും ചെയ്തു.
തുടര്ന്ന് ദേവസ്വം ബോര്ഡ് വെബ്സൈറ്റില് ഈ മാസം 14ന് മാത്രമാണ് റീ-ഇ ടെന്ഡര് കം ഓക്ഷന് പൊതുനിബന്ധനകള് പുതുക്കി പ്രസിദ്ധീകരിച്ചത്. ലഭിച്ച അപേക്ഷകളുടെ സാങ്കേതിക, സാമ്പത്തിക മൂല്യനിര്ണയ നടപടി ഇനിയും തുടങ്ങിയിട്ടുമില്ല.
















