ഒറ്റപ്പാലം: ഇസ്ലാമിക വ്യക്തിനിയമപ്രകാരം ഖുല ചൊല്ലി ഭാര്യ വിവാഹബന്ധം വേര്പെടുത്തിയാല് ഭര്ത്താവിന് മഹറും വിവാഹ പാരിതോഷികങ്ങളും തിരിച്ചുകൊടുക്കണമെന്ന് കുടുംബകോടതി. പെരിന്തല്മണ്ണ സ്വദേശിയായ ഭര്ത്താവിന് തിരുവേഗപ്പുറ സ്വദേശിയായ ഭാര്യ ഖുല എന്ന ഇസ്ലാമിക വ്യക്തിനിയമം സ്ത്രീക്ക് അനുവദിക്കുന്ന നിയമാവകാശം അനുസരിച്ച് വിവാഹബന്ധം വേര്പ്പെടുത്തി നോട്ടീസ് നല്കിയിരുന്നു.
താന് വിവാഹ സമയത്ത് ഭാര്യക്ക് നല്കിയ മഹര് ആഭരണങ്ങളും കൂടെ നല്കിയ വിവാഹ പാരിതോഷികങ്ങളും മുഴുവന് സ്വര്ണാഭരണങ്ങളും തിരിച്ചു കിട്ടണമെന്നാവശ്യപ്പെട്ട് ഒറ്റപ്പാലം കുടുംബകോടതിയില് നല്കിയ കേസിലാണ് അപൂര്വ വിധി ഉണ്ടായിരിക്കുന്നത്. ഇസ്ലാമിക വ്യക്തി നിയമനുസരിച്ച് ഭര്ത്താവിന് തലാഖ് ചൊല്ലി ഭാര്യയെ വിവാഹബന്ധം വേര്പെടുത്തുന്നതിന് തുല്യമായ അവകാശമാണ് ഇസ്ലാം സ്ത്രീക്ക് നല്കുന്ന ഖുല നിയമം.
തലാഖ് ചൊല്ലി ഭാര്യയെ വിവാഹബന്ധം വേര്പെടുത്തുന്ന ഭര്ത്താവ് 1986ലെ വിവാഹമോചന അവകാശ നിയമമനുസരിച്ച് നഷ്ടപരിഹാരവും മറ്റും നല്കണമെന്നിരിക്കെ, ഖുല നിയമപ്രകാരം ഭര്ത്താവിനെ ബന്ധം വേര്പെടുത്തിയാല് ഇസ്ലാമിക വിവാഹമോചന നിയമം 319 പ്രകാരം ഭര്ത്താവിന് മഹറും കൂടെ പ്രതിഫലവും നല്കണമെന്നാണ് പറയുന്നത്.
വിധിപ്രകാരം ഭര്ത്താവിന് അഞ്ച് പവന് വിവാഹ പാരിതോഷികവും, ഭാര്യക്ക് നല്കിയ ആറ് പവന് ആഭരണങ്ങളും വിധി തീയതി മുതല് 30 ദിവസത്തിനകം തിരിച്ച് നല്കാന് കോടതി ഉത്തരവിട്ടു. വീഴ്ച വരുത്തിയാല് ഭാര്യയുടെ സ്വത്തുവഹകളില് നിന്ന് കണ്ടുകെട്ടാമെന്നും കോടതി ഉത്തരവില് പറയുന്നു. ഹര്ജിക്കാരന് വേണ്ടി ഹൈക്കോടതി അഭിഭാഷകനായ അഡ്വ. പി.ടി. ഷാഹുല് ഹമീദ്, അഡ്വ ഷംല ഹസ്സന്, അഡ്വ. അഖില് കൃഷ്ണന്, അഡ്വ സി.പി. അന്സാര് എന്നിവര് ഹാജരായി.











