പാലക്കാട്: കഞ്ചിക്കോട് വ്യവസായ മേഖലയില്‍ വന്‍ തീപിടിത്തം. തിന്നര്‍ നിര്‍മാണ കമ്പനിയിലാണ് തീപിടിത്തം ഉണ്ടായത്. സംഭവത്തില്‍ മൂന്നു പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരു സ്ത്രീയുടെ നില ഗുരുതരമാണ്.
ഇവരെ തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റ് രണ്ടു പേര്‍ അന്യ സംസ്ഥാന തൊഴിലാളികളാണ്. ഉച്ചയ്‌ക്ക് 12 മണിയോടെയാണ് അപകടം നടന്നത്.
പാലക്കാടും നിന്നും ആദ്യം മൂന്ന് അഗ്‌നിശമനസേനാ യൂണിറ്റുകളാണ് സംഭവ സ്ഥലത്ത് ആദ്യം എത്തി. പിന്നീട് തീ നിയന്ത്രണ വിധേയമാകാതിരുന്നതിനെ തുടര്‍ന്ന് കൂടുതല്‍ യൂണിറ്റുകളെ കൂടി ഇവിടേയ്‌ക്ക് എത്തിച്ചു.
ടാര്‍പെന്റൈന്‍, തിന്നര്‍, പെയിന്റ് എന്നീ അസംസ്‌കൃത വസ്തുക്കളും ഈ കമ്പനിയില്‍ നിര്‍മിക്കുന്നുണ്ട്. അതേസമയം അടുത്തുള്ള അരി മില്ലിലേയ്‌ക്കും തീ പടര്‍ന്നു. വ്യവസായ മേഖലയ്‌ക്കപ്പുറം വന മേഖല ആയതിനാല്‍ അവിടേയ്‌ക്ക് തീ പടരാതിരിക്കാനുള്ള ശ്രമത്തിലാണ്.
പ്രാഥമിക കണക്കനുസരിച്ച് ഒന്നരക്കോടിയുടെ നഷ്ടം കമ്പനിയില്‍ ഉണ്ടായിട്ടുണ്ടെന്നാണ് വിലയിരുത്തുന്നത്. അതേസമയം കഴിഞ്ഞ വര്‍ഷവും സമാനമായ തീപിടുത്തം ഈ സ്ഥാപനത്തില്‍ ഉണ്ടായിട്ടുണ്ട്.
















