കണ്ണൂര്‍: സഹകരണ വകുപ്പ് പ്രളയ പുനരധിവാസപ്രവര്‍ത്തനങ്ങളുടെ ഭാഗമായി കെയര്‍ ഹോം പദ്ധതിയിലുള്‍പ്പെടുത്തി കണ്ണൂര്‍ ജില്ലയില്‍ 20 വീടുകള്‍ നിര്‍മ്മിക്കുന്ന പദ്ധതിക്ക് തുടക്കമായി. ജില്ലാതല ഉദ്ഘാടനം ചക്കരക്കല്ല് ഇരിവേരി വില്ലേജിലെ നാണുപ്പീടികക്ക് സമീപം പുത്തന്‍വളപ്പില്‍ റുഖിയയ്‌ക്ക് നിര്‍മ്മിക്കുന്ന വീടിന്റെ തറക്കല്ലിട്ട് ചെമ്പിലോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി വി ലക്ഷ്മി നിര്‍വ്വഹിച്ചു. മൗവ്വഞ്ചേരി റൂറല്‍ ബേങ്ക് പ്രസിഡന്റ് കെ.നാരായണന്‍ അധ്യക്ഷത വഹിച്ചു.
പദ്ധതി നടത്തിപ്പിനായി ഒരു വീടിന് 4,95100 രൂപയാണ് നല്‍കുന്നത്. ഗുണഭോക്താക്കളുടെ പദ്ധതി പ്രദേശത്തെ സഹകരണ സ്ഥാപനത്തിനാണ് നിര്‍മ്മാണത്തിന്റെ മേല്‍നോട്ട ചുമതല. വീട് നിര്‍മ്മാണത്തിനായി ഉദാരമതികളുടെ സഹായവും തേടും. സന്നദ്ധരായ തൊഴിലാളികളുടെ സേവനവും സ്വീകരിക്കും.
കഴിഞ്ഞ കാലവര്‍ഷത്തിലാണ് റുഖിയയുടെ വീട് നിലം പൊത്തിയത് 92 കാരിയായ റുഖിയയും മകളും ഈ വീട്ടിലായിരുന്നു താമസം. തകര്‍ന്ന വീടിന് തൊട്ടടുത്തുള്ള 20 സെന്റ് ഭൂമിയിലാണ് പുതിയ വീടിന്റെ നിര്‍മ്മാണം. മാര്‍ച്ച് 10 നകം നിര്‍മ്മാണപ്രവൃത്തി പൂര്‍ത്തിയാക്കാനാണ് സഹകരണ വകുപ്പ് തീരുമാനം. മൗവ്വഞ്ചേരി സര്‍വ്വീസ് സഹകരണ റൂറല്‍ ബേങ്കിനാണ് മേല്‍നോട്ട ചുമതല. ചടങ്ങില്‍ ഇരിവേരി വില്ലേജ് ഓഫീസര്‍ പി.വി.ബീന, എം.കെ.മോഹനന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
















