റാഞ്ചി: ഭാരതീയതയെയും ഭാരതീയ മൂല്യവ്യവസ്ഥകളെയും കുറിച്ച് ചര്‍ച്ച ചെയ്യുന്നതിന് റാഞ്ചിയിലെ ഖേല്ഗാവില് സംഘടിപ്പിച്ച ലോക്മന്ഥന് സമ്മേളനത്തില്‍ ഉത്തരകേരളത്തില്‍ നിന്നുള്ള അനുഷ്ഠാനകലാവതരണം ശ്രദ്ധേയമായി. സമ്മേളനത്തിന്റെ മൂന്നാം ദിവസമായ ഇന്നലെയാണ് വടക്കെ മലബാറിലെ ഉച്ചാരത്തെയ്യം അരങ്ങേറിയത്.
വടക്കെ മലബാറിലെ പുലയസമുദായക്കാര്‍ കെട്ടിവരുന്ന ഉച്ചാരത്തെയ്യം എന്ന അനുഷ്ഠാനത്തിന് സൂര്യാരാധനയുമായി ബന്ധമുണ്ട്. മലനാട്ടിലെ മനുഷ്യര്‍ക്കും കന്നുകാലികള്‍ക്കും മാരിപ്പനിയും മാരിക്കുരിപ്പും പിടിപെട്ടു. കര്‍ക്കടകമാസത്തില്‍ മാരിത്തെയ്യം കെട്ടി ശനി ഒഴിപ്പിച്ചെങ്കിലും ഏഴ് ശനിദോഷം ബാക്കി വന്നു.
ചിറക്കല്‍ കോവിലകത്തിന്റെ അധീനതയിലുള്ള പുലയസ്ഥാനികനായ തെക്കന്‍ പൊള്ളയെ വിളിച്ചുവരുത്തി മീനമാസത്തിലെ നട്ടുച്ചയ്ക്ക് സൂര്യഭഗവാന് പൂജവച്ച് ഉച്ചാരത്തെയ്യം കെട്ടി ഏഴുദിവസം വീടുകള്‍ തോറും പോയി തോറ്റംപാടി മാരിപ്പനിയും മാരിക്കുരിപ്പും ആറ്റിലൊഴുക്കിക്കളയണമെന്ന് പ്രശ്നചിന്തയില്‍ തെളിഞ്ഞു. ഇതുപ്രകാരം പൊള്ളയും ശിഷ്യന്മാരും ഉച്ചാരപ്പൊട്ടന്, ഉച്ചാരഗുളികന്, ഉച്ചാരക്കുറത്തി, മാരി, ചൂരി എന്നീ കോലങ്ങള്‍ കെട്ടിയാടി. ഇതാണ് ഉച്ചാരത്തെയ്യങ്ങള്ക്കു പിന്നിലെ സങ്കല്പം. ഉര്വരതാരാധനയുമായി ബന്ധമുള്ളതാണ് ഈ അനുഷ്ഠാനം.
കണ്ണൂര്‍ ചെറുകുന്നിലെ നാട്ടുപൊലിക നാടന്‍കലാ പഠനകേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ടി.പവിത്രന് ഗുരുക്കളും സംഘവുമാണ് ലോക്മന്ഥനില്‍ ഉച്ചാരത്തെയ്യം അവതരിപ്പിച്ചത്.പ്രജ്ഞാപ്രവാഹിന്റെ നേതൃത്വത്തില്‍ നടക്കുന്ന ലോക്മന്ഥന് ഇന്ന് സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: