ശൈലപുത്രി സാധകന്റെ ഉള്ളിൽ ഭൂമിയെപ്പോലെ ഉറച്ച ഒരു അടിത്തറ സൃഷ്ടിക്കുന്നു. ബ്രഹ്മചാരിണി ആ അടിത്തറയിൽ തപസ്സിന്റെ അഗ്നി തെളിക്കുന്നു. എന്നാൽ തപസ്സ് വെറും സഹനമായി അവശേഷിക്കരുത്. അതിൽനിന്ന് ധൈര്യവും വിവേകവും സംരക്ഷണശക്തിയും ഉണരണം. ആ പരിവർത്തനത്തിന്റെ പ്രതീകമാണ് ചന്ദ്രഘണ്ഡാ. നവദുർഗ്ഗയിൽ മൂന്നാമത്തെ രൂപമായാണ് ചന്ദ്രഘണ്ഡയെ ആരാധിക്കുന്നത്. മൂന്നാം നാളിലെ ഈ രൂപം ശാന്തതയും വീര്യവും ഒരേ ദിവ്യചൈതന്യത്തിൽ സംയോജിക്കുന്ന രൂപമായി കണക്കാക്കുന്നു. ചന്ദ്രഘണ്ഡയുടെ പുരാണകഥാപരമായ വ്യാഖ്യാനത്തിൽ അവൾ പാർവതിയുടെ വിവാഹാനന്തര രൂപമാണ്. ദീർഘമായ തപസ്സിലൂടെ ശിവനെ വരിച്ച പാർവതി, ശിവനുമായി ഐക്യപ്പെട്ടതിനു ശേഷം നെറ്റിയിൽ അർദ്ധചന്ദ്രം ധരിക്കുന്ന രൂപത്തിലേക്ക് മാറുന്നു. ആ അർദ്ധചന്ദ്രത്തിന്റെ മണിസദൃശമായ രൂപമാണ് ചന്ദ്രഘണ്ഡാ എന്ന നാമത്തിന് പിന്നിലെ സങ്കൽപം.
ബ്രഹ്മചാരിണി അന്വേഷിക്കുന്ന ശക്തിയായും ചന്ദ്രഘണ്ഡാ ഉണർന്ന ശക്തിയായും വർത്തിക്കുമ്പോൾ തപസ്സിലൂടെ സ്വയം ശുദ്ധീകരിച്ച ശക്തി ഇനി ലോകത്തിൽനിന്ന് പിൻവാങ്ങുന്നില്ല. അനീതിയെയും ഭയത്തെയും അജ്ഞാനത്തെയും നേരിടാൻ അത് സജ്ജമാകുന്നു. അതുകൊണ്ടുതന്നെ ചന്ദ്രഘണ്ഡയുടെ മുഖത്ത് യുദ്ധസന്നദ്ധതയുണ്ടെങ്കിലും ഭയാനകമായ ക്രോധമില്ല. ആയുധങ്ങൾ കൈകളിലുണ്ടെങ്കിലും മുഖത്ത് ചന്ദ്രന്റെ ശാന്തിയുണ്ട്. ശക്തിയുടെ പരമരൂപം ഉന്മാദമല്ല; നിയന്ത്രിതമായ തേജസ്സാണ് എന്നതാണ് ഈ രൂപം നൽകുന്ന സന്ദേശം. ചന്ദ്രഘണ്ഡയുടെ രൂപത്തിലെ ഏറ്റവും ഗഹനമായ പ്രതീകം നെറ്റിയിലെ അർദ്ധചന്ദ്രം തന്നെയാണ്. ചന്ദ്രൻ മനസ്സിനെയും ശീതളതയെയും പ്രതിനിധീകരിക്കുന്ന പ്രതീകമായി ഭാരതീയ ആത്മീയ പാരമ്പര്യത്തിൽ വ്യാപകമായി ഉപയോഗിക്കപ്പെടുന്നു. ഘണ്ഡാനാദമാകട്ടെ ഉണർവിന്റെയും സ്പന്ദനത്തിന്റെയും പ്രതീകമാണ്. അതിനാൽ ചന്ദ്രവും ഘണ്ഡയും ഒരുമിക്കുമ്പോൾ, ശാന്തമായ മനസ്സിൽനിന്ന് ഉയരുന്ന ജാഗ്രതയുടെ നാദം എന്ന് വിലയിരുത്താം.
ശക്തി ഉണർന്നാൽ ആദ്യം ശബ്ദമുണ്ടാകണമെന്നില്ല. എന്നാൽ ആ ശക്തി ധർമ്മസംരക്ഷണത്തിലേക്ക് തിരിയുമ്പോൾ അതിന് നാദം ലഭിക്കുന്നു. ഘണ്ഡയുടെ ശബ്ദം അങ്ങനെ വെറും ഒരു ആചാരോപകരണമല്ല; ചൈതന്യത്തെ ഉണർത്തുന്ന പ്രതീകമാണ്.
ഘണ്ഡാനാദം ഇരുട്ടിനെ തുരത്തുന്നതായിവൈദിക താന്ത്രിക പാരമ്പര്യത്തിൽ വ്യാഖ്യാനിക്കപ്പെടുന്നു. അവിദ്യയുടെ നിശ്ചലതയെ തകർക്കുന്ന ചൈതന്യസ്പന്ദനം എന്ന നിലയിലും കാണാം.
പത്ത് കൈകൾ — സർവദിക്കുകളിലേക്കും വ്യാപിക്കുന്ന ശക്തി
ചന്ദ്രഘണ്ഡയെ സാധാരണയായി ദശഭുജയായാണ് ചിത്രീകരിക്കുന്നത്. വിവിധ ധ്യാനപരമ്പരകളിൽ ആയുധങ്ങളുടെ വിന്യാസത്തിൽ ചെറിയ വ്യത്യാസങ്ങൾ കാണാം. ത്രിശൂലം, ഗദ, വാൾ, വില്ല്, അമ്പ്, താമര, ജപമാല, കമണ്ഡലം തുടങ്ങിയവയും അഭയ-വരദമുദ്രകളും വിവിധ രൂപവിവരണങ്ങളിൽ കാണപ്പെടുന്നു. സാധകന്റെ ഉള്ളിലെ ശക്തി ഒരേയൊരു ലക്ഷ്യത്തിലേക്ക് ഏകാഗ്രമാകുമ്പോൾ അതിന്റെ പ്രവർത്തനശേഷി പല തലങ്ങളിലായി പ്രകടമാകുന്നു. സംരക്ഷണം, വിവേകം, ധൈര്യം, നിയന്ത്രണം, ജ്ഞാനം, കരുണ, പ്രവർത്തനം ഇവയെല്ലാം ദേവിയുടെ കൈകളിലെ വ്യത്യസ്ത ആയുധങ്ങളായി പ്രതീകീകരിക്കപ്പെടുന്നു. അതിനാൽ ചന്ദ്രഘണ്ഡയുടെ ആയുധങ്ങൾ പുറംലോകത്തോടുള്ള യുദ്ധത്തിന്റെ ഉപകരണങ്ങൾ മാത്രമല്ല; അന്തരംഗത്തിലെ വിവിധ ദൗർബല്യങ്ങളെ അതിജീവിക്കുന്ന ആത്മശക്തികളുടെ പ്രതീകങ്ങളുമാണ്.
ചന്ദ്രഘണ്ഡയുടെ വാഹനം സിംഹവും കടുവയും എന്നിങ്ങനെ വ്യത്യാസങ്ങൾ കാണാം. ഇരുവാഹനങ്ങളും ശക്തി, ധൈര്യം, രാജസികമായ സജീവത, ഭയമില്ലായ്‌മ എന്നിവയുമായി ബന്ധിപ്പിക്കപ്പെടുന്നു.
പ്രധാനപ്പെട്ടത് ദേവി മൃഗത്തിനുമുകളിൽ ഇരിക്കുന്നു എന്നതാണ്. അത് ഒരു ഗഹനമായ അന്തർസൂചന നൽകുന്നു: ശക്തിയെ അടിച്ചമർത്തുകയല്ല വേണ്ടത്; ശക്തിയെ നിയന്ത്രണത്തിലാക്കുകയാണ് വേണ്ടത്. മനുഷ്യന്റെ ഉള്ളിലെ ക്രോധം, ഭയം, ആഗ്രഹം, ആകാംക്ഷ, പ്രതികാരവൃത്തി തുടങ്ങിയവയെ ഇല്ലാതാക്കുന്നതിലല്ല ആത്മീയ വളർച്ച; അവയെ ധർമ്മത്തിന്റെ നിയന്ത്രണത്തിൽ കൊണ്ടുവരുന്നതിലാണ്.അതിനാൽ ചന്ദ്രഘണ്ഡയുടെ വാഹനം നിയന്ത്രിതമായ പ്രാണശക്തിയുടെ പ്രതീകമായി കാണാം
നാദം തന്ത്രത്തിൽ അതീവ പ്രധാനപ്പെട്ട ചിന്തധാരയാണ് . ശബ്ദം വെറും ശ്രവ്യവസ്തുവല്ല; ചൈതന്യത്തിന്റെ സ്പന്ദനമായി അത് പരിഗണിക്കപ്പെടുന്നു.
ഘണ്ഡ മുഴങ്ങുമ്പോൾ നിശ്ചലമായ അന്തരീക്ഷം ചലിക്കുന്നു. അതുപോലെ തന്നെ, ആത്മീയസാധനയിൽ ജഡതയിലായ മനസ്സിലേക്ക് ജാഗ്രതയുടെ ഒരു നാദം കടന്നുവരുമ്പോൾ അന്തരംഗത്തിലെ ഇരുട്ട് ചലിക്കാൻ തുടങ്ങുന്നു. അതുകൊണ്ട് ചന്ദ്രഘണ്ഡാ നിശ്ചലതയിൽ നിന്ന് ജാഗ്രതയിലേക്കുള്ള ചൈതന്യത്തിന്റെ ആദ്യ മഹാനാദം കൂടിയാണ്.
ശൈലപുത്രിയുടെ ഘട്ടത്തിൽ സാധകൻ ഭൂമിപോലെ ഉറച്ചുനിൽക്കാൻ പഠിക്കുന്നു.
ബ്രഹ്മചാരിണിയുടെ ഘട്ടത്തിൽ അവൻ തന്റെ ആഗ്രഹങ്ങളെയും ഇന്ദ്രിയങ്ങളെയും നിയന്ത്രിക്കാൻ പഠിക്കുന്നു. എന്നാൽ ആന്തരിക ശുദ്ധി വന്നശേഷവും ഒരു വലിയ തടസ്സം അവശേഷിക്കുന്നു—ഭയം. ഭയം മനുഷ്യനെ തന്റെ യഥാർത്ഥ ശക്തിയിൽനിന്ന് അകറ്റുന്നു.
ഭയമില്ലായ്‌മ എന്നത് അപകടമില്ലാത്ത അവസ്ഥയല്ല; അപകടത്തിനിടയിലും ധർമ്മത്തിൽനിന്ന് പിന്മാറാതിരിക്കുന്ന മനസ്സാണ്.
അവൾ സാധകന്റെ ഉള്ളിൽ ധൈര്യത്തിന്റെ സംസ്കാരം ഉണർത്തുന്ന ശക്തിയാണ്.
ശൈലപുത്രി ഭൂമിയെപ്പോലെ ഉറച്ചുനിൽക്കാൻ പഠിപ്പിക്കുന്നു. ബ്രഹ്മചാരിണി അഗ്നിയെപ്പോലെ സ്വയം ശുദ്ധീകരിക്കാൻ പഠിപ്പിക്കുന്നു.
ചന്ദ്രഘണ്ഡാ ആ ശുദ്ധീകരിച്ച ശക്തിയെ ധർമ്മത്തിന്റെ സംരക്ഷണത്തിനായി ഉണർത്താൻ പഠിപ്പിക്കുന്നു.
അതുകൊണ്ട് ചന്ദ്രഘണ്ഡാ നവരാത്രിയിലെ മൂന്നാം രൂപം മാത്രമല്ല. സ്ഥിരത തപസ്സായി മാറുകയും, തപസ്സ് തേജസ്സായി മാറുകയും ചെയ്യുന്ന നിമിഷത്തിന്റെ ദേവതയാണ് ചന്ദ്രഘണ്ഡാ. നവരാത്രിയിലെ മൂന്നാം രാത്രി, സാധകന്റെ അന്തരംഗത്തിൽ ഒരു പുതിയ വാതിൽ തുറക്കുന്നു. ഭയത്തിൽനിന്ന് ധൈര്യത്തിലേക്ക്…
തപസ്സിൽനിന്ന് തേജസ്സിലേക്ക്….
നിശ്ചലതയിൽനിന്ന് നാദത്തിലേക്ക്….
സ്വയം ജയിക്കുന്നതിൽനിന്ന് ധർമ്മത്തിനായി നിലകൊള്ളുന്നതിലേക്ക്….
ചന്ദ്രന്റെ ശീതളതയും ഘണ്ഡയുടെ ഉണർവിന്റെ നാദവും ഒരേ ദിവ്യചൈതന്യത്തിൽ ധരിച്ച മഹാശക്തിയാണ് ചന്ദ്രഘണ്ഡാ
















