ന്യൂദല്‍ഹി: ആര്‍എസ്എസ്സില്‍ നിക്കറിടുന്ന സ്ത്രീകളുണ്ടോയെന്ന കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുലിന്റെ പരാമര്‍ശം രാഷ്‌ട്രീയ നേതാക്കള്‍ക്ക് യോജിക്കാത്തതെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്. അഹമ്മദാബാദില്‍ മഹിളാ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു അവര്‍. രാഹുലിന്റെ ചോദ്യത്തിന് ഞാന്‍ മറുപടി നല്‍കേണ്ടതാണ്. എന്നാല്‍ ഉപയോഗിച്ച ഭാഷ കണക്കിലെടുക്കുമ്പോള്‍ മറുപടി അര്‍ഹിക്കുന്നില്ല.
സ്ത്രീകള്‍ക്ക് പരിഗണന നല്‍കുന്ന പാര്‍ട്ടിയാണ് ബിജെപി. നാല് വനിതകളെ ബിജെപി മുഖ്യമന്ത്രിയാക്കിട്ടുണ്ട്. നാല് വനിതകളെ ഗവര്‍ണ്ണര്‍മാരായും നിയമിച്ചിട്ടുണ്ട്. നിലവിലെ കേന്ദ്രമന്ത്രി സഭയില്‍ ആറ് വനികളുണ്ട്. സുരക്ഷാ കാര്യങ്ങള്‍ക്കായുള്ള മന്ത്രിതല സമിതിയില്‍ ഇതുവരെ വനിതാ അംഗങ്ങള്‍ ഉണ്ടായിരുന്നില്ല. ഇപ്പോള്‍ നാല് അംഗങ്ങളില്‍ രണ്ട് പേര്‍ വനിതകളാണ്. സുഷമ ചൂണ്ടിക്കാട്ടി.
















