ചിറയിന്‍കീഴ്: ശാര്‍ക്കര ദേവീക്ഷേത്രത്തിലെ മീനഭരണി മഹോത്സവത്തിന് സ്വര്‍ണധ്വജത്തില്‍ കൊടിയേറി. തന്ത്രി തരണനല്ലൂര്‍മന ഗോവിന്ദന്‍ നമ്പൂതിരിപ്പാട്, ക്ഷേത്രമേല്‍ശാന്തി ജയ്‌മോന്‍ ഭട്ടതിരിപ്പാട് എന്നിവര്‍ മുഖ്യകാര്‍മികത്വം വഹിച്ചു. ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍. സുഭാഷ്, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് പി. മണികണ്ഠന്‍, ദേവസ്വം അസിസ്റ്റന്റ് കമ്മീഷണര്‍ ആര്‍. രവി, ശാര്‍ക്കര ദേവസ്വം എഒ ശശികല, ഉപദേശക സമിതി സെക്രട്ടറി അജയകുമാര്‍, പ്രസിഡന്റ് സതീഷ് കുമാര്‍, ചിറയിന്‍കീഴ് സര്‍വ്വീസ് സഹകരണ ബാങ്ക് ട്രഷറര്‍ എസ്. വിജയകുമാര്‍, ഭണ്ഡാരപ്പിള്ള ശശികുമാര്‍, ജി. വ്യാസന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
മഹോത്സവം 30ന് സമാപിക്കും. പാഠകം, സംഗീതസദസ്സ്, സുപ്രസിദ്ധ ചലച്ചിത്രതാരം നോബിയുടെ കോമഡിഷോ ‘ഹലോ മൈ ഡിയര്‍ റോങ് നമ്പര്‍’, സുപ്രസിദ്ധ സിനിമാ പിന്നണിഗായകന്‍ രാഗേഷ് ബ്രഹ്മാനന്ദന്റെ ഗാനമേള എന്നിവ അരങ്ങേറി. ഇന്ന് രാവിലെ എട്ടിന് ശ്രീഭൂതബലി എഴുന്നെള്ളത്ത്, വൈകിട്ട് നാലിന് ഓട്ടന്‍തുള്ളല്‍, 5ന് ഭക്തിഗാനാഞ്ജലി, 6.30ന് ദീപാരാധന, 6.45ന് സംഗീതസദസ്സ്, രാത്രി 9.30ന് പത്തനംതിട്ട സാരംഗ് ഓര്‍ക്കസ്ട്രയുടെ ഗാനമേള, 12.30ന് അന്ന കരീന കഥയെ ആസ്പദമാക്കി കഥാപ്രസംഗം എന്നിവ ഉണ്ടായിരിക്കും.
സമാപനദിവസമായ 30ന് ഭരണി നാളില്‍ വെളുപ്പിന് മൂന്നിന് ഉരുള്‍ സന്ധിപ്പും തുടര്‍ന്ന് ഉച്ചയ്‌ക്ക് ഗരുഢന്‍തൂക്കവും ഉണ്ടായിരിക്കും.
















