കണ്ണൂര്‍: തെങ്ങുകളില്‍ പ്രത്യേത തരം ഫംഗസ് ബാധ. നാളികേര കര്‍ഷകര്‍ ആശങ്കയില്‍. കാപ്പാട് മേഖലയിലാണ് തെങ്ങുകള്‍ക്ക് അപൂര്‍വ്വമായ ഫംഗസുകള്‍ ബാധിച്ചിരിക്കുന്നത്. ഓലകള്‍ക്ക് വെളുത്ത നിറത്തിലുളള ഒരു തരം ഫംഗസുകളാണ് പറ്റിപ്പിടിച്ചിരിക്കുന്നത്. ഓലകളില്‍ നിന്നും ഒരുതരം കൊഴുത്ത ദ്രാവകം താഴേക്ക് ഇറ്റുവീഴുന്നുമുണ്ട്. ഈ ദ്രാവകം മറ്റ് സസ്യങ്ങളില്‍ പതിക്കുന്നതോടെ ഇത്തരം സസ്യങ്ങള്‍ കറുത്തപാടുകളോടെ പൂര്‍ണ്ണമായും നശിക്കുന്നതായും പ്രദേശവാസികള്‍ പറയുന്നു. കാപ്പാട് സിപി സ്റ്റോറിനു സമീപമുളള നിരവധി പേരുടെ തെങ്ങുകളില്‍ ഇത്തരം ഫംഗസ് ബാധയുളളതായി നാട്ടുകാര്‍ പറഞ്ഞു. തെങ്ങുകളുടെ നാശത്തിനുതന്നെ കാരണമാകുന്ന ഫംഗസിനെ കണ്ടെത്തി ഇതിനെ പ്രതിരോധിക്കാനായി കൃഷിവകുപ്പ് അടിയന്തിരമായി ഇടപെടണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.
















