കണ്ണൂര്‍: 2016-17 വര്‍ഷം കോഴ്‌സ് നടത്തുന്നതിന് ബാര്‍ കൗണ്‍സിലിന്റെ അംഗീകാരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പഞ്ചവത്സര ബിഎഎല്‍എല്‍ബി കോഴ്‌സ് ആരംഭിക്കുന്നതിന് വൈസ് ചാന്‍സലര്‍ ഡോ.എം.കെ.അബ്ദുള്‍ ഖാദറുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. നേരത്തെ നടന്നുവന്നിരുന്ന കോഴ്‌സിന് അംഗീകാരം ലഭ്യമായിരുന്നില്ലയെന്ന കാര്യം നാക് പരിശോധനാ സംഘമാണ് ശ്രദ്ധയില്‍പ്പെടുത്തിയിരുന്നത്. തുടര്‍ന്ന് പ്രശ്‌നം ബാര്‍ കൗണ്‍സിലിന്റെ ശ്രദ്ധയില്‍ കൊണ്ടുവരികയും അംഗീകാരം ലഭിക്കുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളുകയും ചെയ്തിരുന്നു. 2016-17 വര്‍ഷം കോഴ്‌സ് നടത്തുന്നതിനുള്ള അംഗീകാരം സംബന്ധിച്ച അറിയിപ്പ് കഴിഞ്ഞദിവസം സര്‍വ്വകലാശാലയില്‍ ലഭിച്ചു.
കോഴ്‌സിന് ചേരുന്നതിനുള്ള അപേക്ഷകള്‍ ഹെഡ്, സ്‌ക്കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസ്, കണ്ണൂര്‍ യൂണിവേഴ്‌സിറ്റി, പാലയാട് കാമ്പസ്, തലശ്ശേരി എന്ന വിലാസത്തില്‍ ഡിസംബര്‍ 16-ന് 5 മണിവരെ സ്വീകരിക്കും. പ്രവേശനപരീക്ഷ ഡിസംബര്‍ 20-ന് 10.30-ന് നടക്കും. പ്രവേശനപരീക്ഷയുടെ ഫലം 22-ന് പ്രസിദ്ധീകരിക്കും. ഡിസംബര്‍ 29-ന് ഇന്റര്‍വ്യൂവും തുടര്‍ന്ന് ക്ലാസുകള്‍ 2017 ജനുവരി 3-നും് ആരംഭിക്കും.
യോഗത്തില്‍ പ്രോ വൈസ് ചാന്‍സലര്‍ ഡോ.ടി.അശോകന്‍, രജിസ്ട്രാര്‍ ഡോ.ബാലചന്ദ്രന്‍ കീഴോത്ത്, ലീഗല്‍ സ്റ്റഡീസ് വകുപ്പ് മേധാവി കവിതാ ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു
















