കണ്ണൂര്‍: കേരളത്തിലെ 1000 സ്‌കൂളുകളെ അന്താരാഷ്‌ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്ന സംസ്ഥാന സര്‍ക്കാരിന്റെ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി, പ്രാരഭഘട്ടത്തില്‍ തെരെഞ്ഞെടുക്കപ്പെട്ട കണ്ണൂര്‍ നിയമസഭാ മണ്ഡലത്തിലെ തോട്ടട ഗവ. ഹയര്‍സെക്കന്ററി സ്‌കൂള്‍ അന്താരാഷ്‌ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ പ്രഖ്യാപനം മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നിര്‍വ്വഹിച്ചു. മുന്‍ എംഎല്‍എ എ.പി.അബ്ദുള്ളക്കുട്ടിയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച കെട്ടിട സമുച്ഛയവും സ്മാര്‍ട്ട്ക്ലാസ്‌റൂമും മന്ത്രി ഉദ്ഘാടനം ചെയ്തു.
പദ്ധതിയുടെ ഭാഗമായി സ്‌കൂളിന്റെ അടിസ്ഥാന സൗകര്യ വികസനത്തോടൊപ്പം ശാസ്ത്ര- ഗണിത- മാനവിക വിഷയങ്ങള്‍ വിവരസാങ്കേതിക വിദ്യയുടെ ഉപയോഗം കൂടിയാവുന്നതോടെ സാധാരണക്കാരായ കുട്ടികള്‍ക്ക് ഉന്നതനിലവാരത്തിലുള്ള വിദ്യാഭ്യാസം ലഭ്യമാക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സംസ്ഥാന കായികമേളയില്‍ ഗുസ്തി മത്സരത്തില്‍ വെങ്കലമെഡല്‍ നേടിയ ആല്‍വിന്‍ വര്‍ക്ഷീസിനെ അദ്ദേഹം അനുമോദിച്ചു.
യോഗത്തില്‍ കണ്ണൂര്‍ സഗരസഭ കൗണ്‍സിലര്‍ എ.പി.അജിത അദ്ധ്യാക്ഷത വഹിച്ചു. കെ.വി.രവീന്ദ്രന്‍, കെ.രവീന്ദ്രന്‍, മോഹനന്‍ കുന്നോത്താന്‍, എ.പ്രകാശ്, പി.വി.പ്രദീപന്‍ എന്നിവര്‍ പ്രസംഗിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡോ.ആര്‍.ഐ.പ്രശാന്ത് സ്വാഗതവും പി.മുരളി നന്ദിയും പറഞ്ഞു. തുടര്‍ന്ന് നടന്ന സെമിനാറില്‍ ഡോ.എം.പത്മനാഭന്‍, പി.ഒ.മുരളീധരന്‍ എന്നിവര്‍ വിഷയങ്ങള്‍ അവതരിപ്പിച്ചു.
















