കണ്ണൂര്‍: കാശ്യപാശ്രമത്തിന്റെ കോഴിക്കോട് കേന്ദ്രത്തില്‍ രണ്ടുവര്‍ഷം നീണ്ടുനില്‍ക്കുന്ന ഉന്നതവേദപഠന പദ്ധതി 19ന് ആരംഭിക്കും. സാംഖ്യം, യോഗം, ന്യായം, വേദാന്തം എന്നീ ഭാരതീയ തത്വചിന്താപദ്ധതികളെ ഏകോപിപ്പിച്ച് ഋക്ക്, യജുസ്സ്, സാമം, അഥര്‍വ്വം എന്നിവയിലെ തെരഞ്ഞെടുത്ത മന്ത്രങ്ങളാണ് പഠനവിഷയമാക്കുക. ആധുനികകാല ജീവിതത്തില്‍ പ്രാചീന ഭാരതീയ ദര്‍ശനങ്ങള്‍ പ്രായോഗികമായി അവതരിപ്പിക്കുന്നതിനുള്ള ക്രിയാത്മക പദ്ധതികളും പാഠ്യവിഷയത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ ഭാരതീയ തത്വചിന്താമണ്ഡലത്തിലെ അറിയപ്പെടാത്ത ഏടുകളും പഠനത്തില്‍ ഉള്‍പ്പെടുന്നു.
കാശ്യപാശ്രമത്തിന്റെ ഏതെങ്കിലും ശാഖയില്‍ അഗ്നിഹോത്രം വരെ പഠിച്ചവര്‍ക്കുമാത്രമാണ് പ്രവേശനം. രാവിലെ 10 മണിക്ക് കാശ്യപാശ്രമത്തില്‍ കുലപതി ആചാര്യ എം.ആര്‍.രാജേഷ് പദ്ധതിക്ക് ഭദ്രദീപം കൊളുത്തും. കൂടുതല്‍ വിവരങ്ങള്‍ 9447648040 എന്ന നമ്പറില്‍ ബന്ധപ്പെട്ടാല്‍ ലഭിക്കും.
















